Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ക്രിക്കറ്റിലെ എഡിസനായിരുന്നു അശ്വിന്‍, നവാസിനെതിരെ ആ ലീവ് മതി അയാളാരെന്ന് മനസ്സിലാക്കാന്‍

02:20 PM Dec 18, 2024 IST | Fahad Abdul Khader
UpdateAt: 02:20 PM Dec 18, 2024 IST
Advertisement

ഷെമീന്‍ അബ്ദുല്‍ മജീദ്

Advertisement

'ക്രിക്കറ്റിലൊരു തോമസ് ആല്‍വാ എഡിസനുണ്ടെങ്കില്‍ അത് രവിചന്ദ്രന്‍ അശ്വിനാണ് '
ഓരോ ബോളുകളേയും കൃത്യമായി വിശകലനം ചെയ്ത് ക്രിക്കറ്റിലെ ഓരോ നിയമങ്ങളേയും അങ്ങേയറ്റം ഉപയോഗിച്ച മറ്റൊരു തിങ്കിങ് ക്രിക്കറ്ററെ സമീപകാല ക്രിക്കറ്റില്‍ കാണാന്‍ സാധിക്കില്ല….

ഇന്ത്യന്‍ ടീമില്‍ കളിച്ച് തുടങ്ങിയ കാലം മുതല്‍ക്കേ അശ്വിന്‍ പലര്‍ക്കും അനഭിമതനായിരുന്നു. ടെസ്റ്റില്‍ പല വേഗമേറിയ ഇന്ത്യന്‍ ബൗളിംഗ് റെക്കോര്‍ഡുകളും തന്റെ പേരില്‍ ചേര്‍ക്കപ്പെടുമ്പോഴും ഇന്ത്യന്‍ പിച്ചുകളിലെ കുഴികളില്‍ മാത്രം വിക്കറ്റ് നേടുന്നവന്‍ എന്ന ആരോപണം ചില മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ വരെ പരോക്ഷമായി പലപ്പോഴായി ഉന്നയിച്ചിരുന്നു…..

Advertisement

പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റില്‍ അതിനൊക്കെ മുകളില്‍ ആണ് അശ്വിന്‍ എന്ന ഇതിഹാസത്തിന്റെ സ്ഥാനം. ഏകദേശം 12 വര്‍ഷക്കാലം നീണ്ടു നിന്ന ഇന്ത്യയുടെ അണ്‍ ബീറ്റണ്‍ ഡ്രീം ഹോം റണ്ണിന്റെ ഏറ്റവും പ്രധാന റീസണ്‍ അശ്വിന്റെ ഓള്‍ റൗണ്ട് പ്രകടനങ്ങള്‍ തന്നെയായിരുന്നു എന്ന് നിസ്സംശയം പറയാം ….

2017ല്‍ ചാമ്പ്യന്‍സ് ട്രോഫി പരാജയത്തിന്റെ കണക്കെടുപ്പില്‍ ഉത്തരവാദിത്വം ഫിംഗര്‍ സ്പിന്നര്‍മാരില്‍ ചാര്‍ത്തപ്പെടുകയും കുല്‍-ചാ സഖ്യം രംഗത്ത് വരികയും ചെയ്തതോടെ വൈറ്റ് ബോളില്‍ നിന്നും മുഴുവനായി ഒഴിവാക്കപ്പെട്ട ഒരു കാലഘട്ടം അശ്വിനുണ്ടായിരുന്നു. വിധിയില്‍ പകച്ചിരിക്കാതെ പിന്നീടുള്ള വര്‍ഷങ്ങളില്‍ തന്റെ ബോളിങ് ശൈലിയെ നിരന്തര പരീക്ഷണത്തിന് വിധേയമാക്കി ചോദ്യം ചെയ്തവരുടെ മുന്നിലേക്ക് കുട്ടി ക്രിക്കറ്റിന്റെ പ്രീമിയം ആയ ഐപിഎല്ലിലൂടെ മികച്ച മറുപടികള്‍ നല്‍കിക്കൊണ്ടാണ് അയാള്‍ തിരിച്ച് വന്നത്.

ലിമിറ്റഡ് ഓവര്‍ വേര്‍ഷനുകളുടെ സമവാക്യങ്ങള്‍ മാറ്റിമറിച്ചു കൊണ്ട് റിസ്റ്റ് സ്പിന്നര്‍മാര്‍ പുതിയ മാച്ച് വിന്നേഴ്‌സ് ആയി മാറിയപ്പോള്‍, അസ്തമിച്ചു കൊണ്ടിരിക്കുന്ന ഓഫ് സ്പിന്‍ എന്ന കലയെ താന്‍ കൈവരിച്ച പുതിയ തന്ത്രങ്ങള്‍ കൊണ്ട് ഏറെക്കുറെ ഒറ്റക്ക് തന്നെ റിവൈവ് ചെയ്യാന്‍ ശ്രമിച്ച ഒറ്റയാനാണ് രവിചന്ദ്രന്‍ അശ്വിന്‍ ….

'റൈറ്റ് ആം ഓഫ് ബ്രേക്ക് ' എന്ന് ടെലിവിഷനില്‍ എഴുതി കാണിക്കുന്ന ഡിസ്‌ക്രിപ്ഷനിലും അപ്പുറമാണ് അയാളുടെ പ്രതിഭ. ലെഗ് ബ്രേക്ക് , കാരംബോള്‍ , ആംബോള്‍ , സീം അപ് പിന്നെ അശ്വിന്‍ സ്‌പെഷ്യല്‍ ' റിവേഴ്‌സ് കാരംബോള്‍ ' അങ്ങിനെ നിരവധി ആയുധങ്ങളുടെ ഒരു ശേഖരം തന്നെ അശ്വിന്റെ ആവനാഴിയിലുണ്ട്. തന്റെ പീക്ക് ടൈമില്‍ ടി20 പവര്‍പ്ലേയില്‍ പോലും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കാന്‍ ഈ വെറൈറ്റിയിലൂടെ അശ്വിന് കഴിഞ്ഞിട്ടുണ്ട്……

ഓപ്പണറായി കരിയര്‍ തുടങ്ങി പിന്നീട് സ്പിന്നര്‍ ആയി മാറിയ അശ്വിന് ബാറ്റിങ്ങിലും തന്റേതായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ പിച്ചുകളില്‍ മുന്‍നിര ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളി മറന്ന ഘട്ടങ്ങളില്‍ സെഞ്ച്വറികളുമായി രക്ഷപ്പെടുത്തിയിട്ടുള്ള അശ്വിനെ എങ്ങനെ മറക്കാനാകും? 6 ടെസ്റ്റ് സെഞ്ച്വറികള്‍ എന്നുള്ളത് ചെറിയ കാര്യമല്ല….

ക്രിക്കറ്റ് നിയമങ്ങളിലും കാര്യമായ അറിവുണ്ടായിരുന്ന അശ്വിന്‍ അത് കറക്ട് സമയങ്ങളില്‍ പ്രയോഗിക്കുന്നതിലും മിടുക്കനായിരുന്നു. ഒരുപക്ഷേ അശ്വിന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആകാന്‍ യോഗ്യതയുണ്ടായിരുന്ന കളിക്കാരന്‍ ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്……

ഒടുവില്‍ തനിക്കൊന്നും ചെയ്യാനാകാതെ ആദ്യമായി ഒരു ഹോം സീരിസില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടതോടെ ഏറെക്കുറെ തന്റെ കാലം കഴിഞ്ഞെന്ന് അശ്വിന് മനസ്സിലായിട്ടുണ്ടാകണം. അഡലൈഡ് ടെസ്റ്റോടെ ഇന്ത്യയുടെ സ്പിന്‍ ശാസ്ത്രജ്ഞന്‍ വിരമിച്ചിരിക്കുകയാണ്……
നന്ദി അശ്വിന്‍ ….. ഒരു പാട് മനോഹര ഓര്‍മ്മകള്‍ സമ്മാനിച്ചതിന്….

മെല്‍ബണിലെ രാത്രിയില്‍ വിരാട് കോഹ്ലിയുടെ മാഡ്‌നസ്സിനിടയില്‍ നവാസിന്റെ വൈഡ് ബോള്‍ ലീവ് ചെയ്യാന്‍ കാണിച്ച മനസ്സാന്നിദ്ധ്യത്തിന്…… ബാംഗ്ലൂര്‍ ആദ്യമായി കപ്പില്‍ മുത്തമിടുമെന്ന് തോന്നിയ സീസണില്‍ ഫൈനലില്‍ പവര്‍പ്ലേയില്‍ ഗെയിലിനെ പുറത്താക്കിയ മാസ്റ്റര്‍ മൈന്‍ഡിന് …..

2021 സിഡ്‌നി ടെസ്റ്റില്‍ വിഹാരിയോടൊപ്പം ചേര്‍ന്ന് മല്‍സരം സമനിലയിലാക്കാന്‍ നടത്തിയ ചെറുത്തു നില്‍പ്പിന് ……
ചൈന്നൈ ടെസ്റ്റില്‍ സെഞ്ച്വറിയും 5 വിക്കറ്റുമായി ഇന്ത്യയുടെ മാനം കാത്ത പോരാട്ട വിര്യത്തിന്……
2013 ചാമ്പ്യന്‍സ് ട്രോഫിയിലും 2011 ലോകകപ്പിലുമടക്കം നടത്തിയ മറ്റനേകം പെര്‍ഫോമന്‍സുകള്‍ക്ക് ……

നന്ദി രവിചന്ദ്രന്‍ അശ്വിന്‍ …… ഹാപ്പി റിട്ടയര്‍മെന്റ്

Advertisement
Next Article