രോഹിതും ഗംഭീറും കണ്ടപ്പോഴേ ഉറപ്പായിരുന്നു; സർപ്രൈസ് താരമായി അശ്വിൻ ടീമിലെത്താൻ കാരണമിതാണ്
അഡലൈഡിലെ പിങ്ക് ടെസ്റ്റിനായി മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആദ്യ ടെസ്റ്റ് നഷ്ടമായ നായകൻ രോഹിത് ശർമ്മയും, കൈവിരലിനേറ്റ പരിക്ക് ഭേദമായെത്തുന്ന ശുഭ്മാൻ ഗിലും ആദ്യ ഇലവനിൽ തിരിച്ചെത്തുമെന്ന് ഉറപ്പായിരുന്നു. എന്നാൽ മൂന്നാമത്തെ മാറ്റമായി സ്പിന്നിങ് ആൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് പകരം വെറ്ററൻ സ്പിന്നർ ആർ അശ്വിൻ ടീമിലെത്തിയത് ഏവർക്കും സർപ്രൈസായിരുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റിൽ ആർ അശ്വിൻ ഇന്ത്യൻ പ്ലെയിംഗ് ഇലവനിൽ ഇടം നേടിയിരിക്കുന്നതിന് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്.
അഡ്‌ലെയ്ഡ് ഓവലിൽ അശ്വിന്റെ മികച്ച റെക്കോർഡ്
അഡ്‌ലെയ്ഡ് ഓവലിൽ അശ്വിന് മികച്ച റെക്കോർഡാണുള്ളത്. ഈ വേദിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 2.64 എന്ന ഇക്കണോമിയിൽ 16 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 2020ൽ അഡ്‌ലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹം ഓസ്ട്രേലിയയെ 194 റൺസിന് പുറത്താക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
ബാറ്റിംഗ് നിരയിലെ ആത്മവിശ്വാസം
രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ എന്നിവരുടെ തിരിച്ചുവരവും പെർത്തിൽ നിതീഷ് കുമാർ റെഡ്ഡി ബാറ്റിംഗിൽ കാഴ്ചവച്ച മികച്ച പ്രകടനവും ഇന്ത്യൻ ടീമിന് ബാറ്റിംഗ് നിരയിൽ കൂടുതൽ ആത്മവിശ്വാസം പകരുന്നു. അതിനാൽ വാഷിംഗ്ടൺ സുന്ദറിന്റെ ബാറ്റിംഗ് മികവ് ഈ മത്സരത്തിന് നിർണായകമല്ലെന്ന് ടീം മാനേജ്മെന്റ് വിലയിരുത്തി. ടെസ്റ്റിൽ ബാറ്റിങ്ങിൽ അശ്വിനും മോശമല്ലാത്ത റെക്കോർഡ് സ്വന്തമായുണ്ട്.
നെറ്റ്‌സിലെ മികച്ച പ്രകടനം
പെർത്ത് ടെസ്റ്റിന് ശേഷം നടന്ന നെറ്റ് പ്രാക്ടീസുകളിൽ അശ്വിൻ ധാരാളം ബൗളിംഗ് ചെയ്തിരുന്നു. നിതീഷ് കുമാർ റെഡ്ഡിയെ പുറത്താക്കിയ ഒരു മികച്ച പന്ത് അദ്ദേഹം നെറ്റ്‌സിൽ എറിഞ്ഞത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.
രോഹിതും ഗംഭീറുമായുള്ള ചർച്ച
രണ്ട് ദിവസം മുമ്പ് ഗൗതം ഗംഭീറും, രോഹിത് ശർമ്മയും ഒരുമിച്ച് കൂടുതൽ സമയം ചർച്ച ചെയ്യുന്നത് കണ്ടിരുന്നു. ചർച്ചയ്ക്ക് ശേഷം ഗംഭീർ അശ്വിന്റെ അടുത്തേക്ക് നടക്കുകയും 15-20 മിനിട്ടോളം താരവുമായി വളരെ ആക്ടീവായി സംസാരിക്കുകയും ചെയ്തു. തുടർന്ന്, അടുത്ത ദിവസം നടന്ന ഓപ്ഷണൽ നെറ്റ് സെഷനിൽ പങ്കെടുത്ത ചുരുക്കം ചില സീനിയർ താരങ്ങളിൽ ഒരാളായിരുന്നു അശ്വിൻ. ബാറ്റിംഗ് സെഷനിൽ മികച്ച പ്രകടനമാണ് ഇന്ത്യയുടെ വിശ്വസ്ഥനായ താരം നടത്തിയത്.
നിർണായകമായ വിക്കറ്റുകൾ വീഴ്ത്താനുള്ള കഴിവ്
കഴിഞ്ഞ തവണ അഡ്‌ലെയ്ഡിൽ നടന്ന മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സിൽ സ്റ്റീവ് സ്മിത്തിനെയും (1), ട്രാവിസ് ഹെഡിനെയും (7), കാമറൂൺ ഗ്രീനിനെയും (11) അശ്വിൻ പുറത്താക്കിയിരുന്നു.
ടോസിൽ രോഹിത് ശർമ്മ പറഞ്ഞതിങ്ങനെ
"ഞങ്ങൾ മൂന്ന് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഞാൻ തിരിച്ചെത്തി (ചിരിക്കുന്നു), ഗിൽ തിരിച്ചെത്തി, അശ്വിൻ തിരിച്ചെത്തി. വാഷി, പടിക്കൽ, ജുറേൽ എന്നിവർ ടീമിലില്ല. രാഹുൽ തന്നെ ഓപ്പണിങ്ങിൽ തുടരും, ഞാൻ മധ്യനിരയിലാണ് ബാറ്റിംഗ് ചെയ്യുന്നത്. അത് വ്യത്യസ്തമാണ്, പക്ഷേ ഞാൻ വെല്ലുവിളിക്ക് തയ്യാറാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.