സീനിയേഴ്‌സിനെതിരെ ഒടുവില്‍ തുറന്നടിച്ച് അശ്വിന്‍, ഇന്ത്യന്‍ ടീമില്‍ ഭിന്നത പുറത്ത്
മെല്‍ബണ്‍ ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വിവാദമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും പരിഹസിച്ചാണ് അശ്വിന്‍ പോസ്റ്റ് ഇട്ടതെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ടെസ്റ്റില്‍ നിന്ന് വിരമിച്ച അശ്വിന്‍, മെല്‍ബണ്‍ ടെസ്റ്റിന്റെ അഞ്ചാം ദിനം യുവതാരങ്ങളായ ഋഷഭ് പന്തിനെയും യശസ്വി ജയ്സ്വാളിനെയും പ്രശംസിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. 'നല്ല നേതാക്കള്‍ ഉയര്‍ന്നുവരുന്നത് പ്രതിസന്ധികളെ നേരിടാന്‍ അവര്‍ ദൃഢനിശ്ചയം കാണിക്കുമ്പോഴാണ്,' എന്നായിരുന്നു അശ്വിന്റെ പോസ്റ്റ്.
എന്നാല്‍, കോഹ്ലിയെയും രോഹിത്തിനെയും പരിഹസിച്ചാണ് അശ്വിന്‍ ഈ പോസ്റ്റ് ഇട്ടതെന്ന് ചിലര്‍ ആരോപിച്ചു. ഇരുവരും രണ്ടാം ഇന്നിംഗ്സില്‍ വേഗത്തില്‍ പുറത്തായിരുന്നു. വിമര്‍ശനം ഉയര്‍ന്നതോടെ അശ്വിന്‍ വിശദീകരണവുമായി രംഗത്തെത്തി. 'ഈ ട്വീറ്റ് ഫാന്‍ ക്ലബ്ബുകള്‍ ഉള്ളവര്‍ക്കുള്ളതല്ല,' എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
എന്നാല്‍, അശ്വിന്റെ പോസ്റ്റുകള്‍ ഇന്ത്യന്‍ ടീമില്‍ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്്. ഗാബ ടെസ്റ്റിന് ശേഷം അപ്രതീക്ഷിതമായി അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.
മെല്‍ബണില്‍ പന്തും ജയ്സ്വാളും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 88 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ കരകയറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പന്ത് പുറത്തായതോടെ ഇന്ത്യ തകര്‍ന്നു. 121/3 എന്ന നിലയില്‍ നിന്ന് 155 റണ്‍സിന് ഓള്‍ഔട്ടായി.
പരമ്പരയില്‍ ഓസ്ട്രേലിയ 2-1ന് മുന്നിലാണ്. സിഡ്നിയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ഇന്ത്യ ജയിച്ചാല്‍ പരമ്പര സമനിലയാകും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ സാധ്യതകളും മങ്ങിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക ഇതിനകം ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.