ഗംഭീറിനോട് സഹതാപം, തൊട്ടതെല്ലാം ദുരന്തം, തുറന്നടിച്ച് ഇന്ത്യന്‍ താരം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തിലെ ഇടിവ് ആശങ്കയുണര്‍ത്തുന്നു. 12 വര്‍ഷത്തിനു ശേഷം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഈ തകര്‍ച്ചയ്ക്ക് പിന്നില്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ പരിശീലന രീതികളാണോ എന്ന ചോദ്യം ഉയരുന്നുണ്ട്.
രവി ശാസ്ത്രിയുടെയും രാഹുല്‍ ദ്രാവിഡിന്റെയും കാലത്ത് ഉയര്‍ച്ചയിലായിരുന്ന ടീം ഗംഭീറിന്റെ നേതൃത്വത്തില്‍ പിന്നോട്ട് പോകുന്നതായാണ് വിലയിരുത്തല്‍. ടി20യില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ടെസ്റ്റിലും ഏകദിനത്തിലും ടീം പതറുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര പരാജയവും ന്യൂസിലന്‍ഡിനോടുള്ള ടെസ്റ്റ് പരമ്പര പരാജയവും ഈ വാദത്തിന് ബലം നല്‍കുന്നു.
ഇപ്പോഴിതാ ഇന്ത്യയുടെ തകര്‍ച്ചക്ക് പിന്നാലെ പരിശീലകന്‍ ഗംഭീറിനോട് സഹതാപം മാത്രമാണുള്ളതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ അതുല്‍ വാസന്‍.
'12 വര്‍ഷത്തിനിടെയിലെ ഇന്ത്യയുടെ നാട്ടിലെ വമ്പന്‍ പരമ്പര തോല്‍വിയുടെ പശ്ചാത്തലത്തില്‍ എനിക്ക് പരിശീലകന്‍ ഗൗതം ഗംഭീറിനോട് സഹതാപം മാത്രമാണുള്ളത്. ഇതിന് മുമ്പ് ശ്രീലങ്കയോട് നീണ്ട കാലത്തിന് ശേഷം ഏകദിന പരമ്പരയും തോറ്റു. ഇപ്പോള്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജയിക്കുമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഇങ്ങനെയൊക്കെ പറയുമ്പോഴും ഇന്ത്യ മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടില്‍ തോറ്റുവെന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല' അതുല്‍ വാസന്‍ പറഞ്ഞു.
ഗംഭീറിന്റെ ആക്രമണോത്സുകമായ പരിശീലന തന്ത്രങ്ങള്‍ ടീമിന് ഗുണം ചെയ്യുന്നില്ലെന്നാണ് വിമര്‍ശനം. യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണങ്ങളും ഫലം കാണുന്നില്ല. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് ആശങ്കയുണ്ട്.
ഗ്രേഗ് ചാപ്പലിന്റെ പരിശീലന കാലത്തെ തിരിച്ചടികളുമായി ഗംഭീറിന്റെ രീതികളെ താരതമ്യം ചെയ്യുന്നവരുമുണ്ട്. ടീമിലെ പ്രധാന താരങ്ങളുടെ ഫോം ഇടിവും ആശങ്കാജനകമാണ്. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ല. ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി.