ജുറളിന്റെ പോരാട്ടം പാഴായി, ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് ഓസീസ് പട, നാണക്കേട്
ഇന്ത്യ എ-ഓസ്‌ട്രേലിയ എ ചതുര്‍ദിന ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് അനായാസ ജയം. 168 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ എ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ പരമ്പര 2-0ത്തിന്്് ഓസട്രേലിയ സ്വന്തമാക്കി.
കുറഞ്ഞ വിജയലക്ഷ്യത്തിന് മുന്നില്‍ ഓസ്‌ട്രേലിയയ്ക്ക് ആദ്യ ഓവറില്‍ തന്നെ മാര്‍ക്കസ് ഹാരിസ് (0), കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പ്രസിദ്ധ് കൃഷ്ണയാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. എന്നാല്‍ പിന്നാലെ അവര്‍ തകര്‍ച്ചയില്‍ നിന്ന് കരകയറുകയായിരുന്നു. പുറത്താകാതെ 73 റണ്‍സെടുത്ത സാം കൊന്‍ടാസും 46 റണ്‍സെടുത്ത വെബ്സ്റ്ററുമാണ് ഓസ്‌ട്രേലിയക്കായി മികച്ച പ്രകടനം പുറത്തെടുത്തത്.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ മുന്‍ തകര്‍ന്നിട്ടും ഇന്ത്യ എ 229 റണ്‍സെടുത്തിരുന്നു. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ധ്രുവ് ജുറല്‍ (68), തനുഷ് കൊട്ടിയാന്‍ (44), നിതീഷ് കുമാര്‍ റെഡ്ഡി (38), പ്രസിദ്ധ് കൃഷ്ണ (29) എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കോറി റോച്ചിക്കോളി 4 വിക്കറ്റും ബ്യൂ വെബ്സ്റ്റര്‍ 3 വിക്കറ്റും നേടി. നേരത്തെ ഇന്ത്യയുടെ തുടക്കം ദയനീയമായിരുന്നു. അഭിമന്യു ഈശ്വരന്‍ (17), സായ് സുദര്‍ശന്‍ (3), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് (11), കെ എല്‍ രാഹുല്‍ (10), ദേവ്ദത്ത് പടിക്കല്‍ (4) എന്നിവര്‍ വേഗത്തില്‍ പുറത്തായി.
ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 161 റണ്‍സിന് പുറത്തായിരുന്നു. ഓസ്‌ട്രേലിയയുടെ മറുപടി 223 റണ്‍സില്‍ അവസാനിച്ചു. 62 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഓസ്‌ട്രേലിയയ്ക്കുണ്ടായിരുന്നു. 74 റണ്‍സ് നേടിയ മാര്‍ക്കസ് ഹാരിസാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. പ്രസിദ്ധ് കൃഷ്ണ 4 വിക്കറ്റുകള്‍ നേടി.
ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങിയത്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ത്തിന് മുന്നിലാണ്.