ഒരു മുഴം മുന്നെ, മൂന്നാം ടെസ്റ്റിന് മുമ്പ് സര്‍പ്രൈസ് നീക്കവുമായി ഓസ്‌ട്രേലിയ
ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ബ്രിസ്ബേന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്ട് ബോളണ്ടിന് പകരം ജോഷ് ഹേസല്‍വുഡിനെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധേയമായ തീരുമാനം.
മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഹേസല്‍വുഡ് പരിക്കില്‍ നിന്ന് മുക്തനായതായി സ്ഥിരീകരിച്ചിരുന്നു. അഡ്ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ നിന്ന് പുറത്തായ ഹേസല്‍വുഡിന്റെ തിരിച്ചുവാകും ഇതോടെ ബ്രിസ്‌ബേന്‍ ടെസ്റ്റ്.
'അദ്ദേഹത്തിന് ഒരു തടസ്സവുമില്ല. ഇന്നലെ അദ്ദേഹം നന്നായി പന്തെറിഞ്ഞു, രണ്ട് ദിവസം മുമ്പ് അഡ്ലെയ്ഡിനും അദ്ദേഹം പന്തെറിഞ്ഞിരുന്നു. അദ്ദേഹവും മെഡിക്കല്‍ ടീമും ശരിക്കും ആത്മവിശ്വാസത്തിലാണ്,' കമ്മിന്‍സ് ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഡ്ലെയ്ഡില്‍ സ്‌കോട്ട് ബോളണ്ട് പന്ത് കൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഹേസല്‍വുഡിന്റെ ബാക്കപ്പാണ്. അതിനാല്‍ തന്നെ ബോളണ്ടിന് പുറത്തേക്കുളള വഴി തുറന്നു.
അതെസമയം, ബാക്കിയുള്ള ഓസ്ട്രേലിയന്‍ ലൈനപ്പില്‍ മാറ്റമില്ല. ഉസ്മാന്‍ ഖവാജ നഥാന്‍ മക്സ്വീനിയോടൊപ്പം ഓപ്പണിംഗ് ബാറ്റിംഗിനിറങ്ങും, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഓസ്ട്രേലിയയുടെ മധ്യനിര ബാറ്റിംഗിന് നേതൃത്വം നല്‍കും.
അലക്‌സ് കാരി വിക്കറ്റ് കീപ്പിംഗ് ചുമതലകള്‍ നിര്‍വഹിക്കും, ക്യാപ്റ്റന്‍ കമ്മിന്‍സ് മിച്ചല്‍ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവരോടൊപ്പം ഓസ്ട്രേലിയയുടെ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നല്‍കും.
ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഓസ്ട്രേലിയയുടെ പ്ലെയിംഗ് ഇലവന്‍:
ഉസ്മാന്‍ ഖവാജ, നഥാന്‍ മക്സ്വീനി, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ച് മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ച് സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.