11ാം വിക്കറ്റില്‍ ഐതിഹാസിക ചെറുത്ത് നില്‍പ്പ്, ഗാബയില്‍ ഇന്ത്യയുടെ തിരിച്ചുവരവ്
ഓസ്‌ട്രേലിയക്കെതിരെ ഗാബ ടെസ്റ്റില്‍ ഇന്ത്യയുടെ തിരിച്ചുവരവ്. തോല്‍വിയിലേക്ക് നീണ്ട ഇന്ത്യ കെഎല്‍ രാഹുലിന്റേയും രവീന്ദ്ര ജഡേജയുടേയും അര്‍ധ സെഞ്ച്വറിയ്ക്ക് പുറമെ വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പ് മികവില്‍ ഫോളോ ഓണ്‍ ഒഴിവാക്കി. മഴകാരണം നേരത്തെ നിര്‍ത്തിയ മത്സരത്തില്‍ നാലാം ദിനം ഇന്ത്യ ഒന്‍പത് വിക്കറ്റിന് 252 റണ്‍സ് എന്ന നിലയിലാണ്.
ഒരു വിക്കറ്റ് അവശേഷിക്കെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445 റണ്‍സിനൊപ്പമെത്താന്‍ ഇന്ത്യയ്ക്ക് നിലവില്‍ 193 റണ്‍സ് കൂടി വേണം. ഒന്‍പതിന് 213 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയ്ക്കായി അവസാന വിക്കറ്റില്‍ ഒത്തുകൂടി ഇതുവരെ 39 റണ്‍സ് കൂട്ടിച്ചേര്‍ത്ത ആകാശ് ദീപ് - ജസ്പ്രിത് ഭുംറ കൂട്ടുകെട്ടാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.
31 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 27 റണ്‍സുമയി ആകാശ ദീപും 27 പന്തില്‍ ഒരു സിക്‌സ് അടക്കം 10 റണ്‍സുമായി ജസ്പ്രിത് ഭുംറയും ബാറ്റിംഗ് തുടരുകയാണ്. ഒരു ഘട്ടത്തില്‍ ഇന്ത്യ അഞ്ചിന് 74 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. അവിടെ നിന്ന് കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയും ആണ് ഇന്ത്യയെ രക്ഷിച്ചെടുത്തത്.
രാഹുല്‍ 139 പന്തില്‍ എട്ട് ഫോറടക്കം വിലപ്പെട്ട 84 റണ്‍സ് നേടിയപ്പോള്‍ ജഡേജ 123 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 77 റണ്‍സും എടുത്തു. ിരുവരും ആറാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഏഴാം വിക്കറ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ കൂട്ടുപിടിച്ച് ജഡേജ 53 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിച്ചു. റെഡ്ഡി 61 പന്തില്‍ 16 റണ്‍സാണ് നേടിയത്.
രോഹിത്ത് ശര്‍മമ (10), മുഹമ്മദ് സിറാജ് (1) എന്നിവരാണ് ഇന്ന് തിളങ്ങാതെ പോയ താരങ്ങള്‍. നേരത്തെ ജയ്‌സ്വാള്‍ (4), ഗില്‍ (1) കോഹ്ലി (3), പന്ത് (9) എന്നിവര്‍ പെട്ടെന്ന് പുറത്തായിരുന്നു.
ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് 20.5 ഓവറില്‍ 80 റണ്‍സ് വഴങ്ങി നാലും മിച്ചല്‍ സ്റ്റാര്‍ക്ക് 24 ഓവറില്‍ 83 റണ്‍സ് വഴങ്ങി മൂന്നും വിക്കറ്റെടുത്തു. കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയത ജോഷ് ഹസില്‍വുഡ് പരിക്കേറ്റ് പിന്മാറിയത് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി.