നാണംകെട്ട റെക്കോര്‍ഡിനിരയായി രോഹിത്ത്, കമ്മിന്‍സിന് ചരിത്ര നേട്ടം
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ രോഹിത് ശര്‍മ വീണ്ടും നിരാശപ്പെടുത്തി. വെറും ഒന്‍പത്് റണ്‍സിനാണ് രോഹിത് പുറത്തായത്. ഇതോടെ ഒരു നാണംകെട്ട റെക്കോര്‍ഡും രോഹിത്തിനെ തേടിയെത്തി.
ഓസ്‌ട്രേലിയന്‍ ക്യാപ്്റ്റന്‍ പാറ്റ് കമ്മിന്‍സനാണ രോഹിത്തിനെ പുറത്താക്കിയത്. ഇത് ആറാം തവണയാണ് രോഹിത്ത് കമ്മിന്‍സണ് മുന്നില്‍ പുറത്താകുന്നത്. ഇതൊരു റെക്കോര്‍ഡാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ക്യാപ്റ്റന്‍ എതിര്‍ ടീമിന്റെ ക്യാപ്റ്റനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയതിന്റെ റെക്കോര്‍ഡാണ് കമ്മിന്‍സ് സ്വന്തമാക്കിയത്.
രോഹിത്തിന്റെ തുടര്‍ച്ചയായ പരാജയം ആരാധകരിലും ക്രിക്കറ്റ് വിദഗ്ധരിലും ഒരു പോലെ നിരാശയുണ്ടാക്കിയിട്ടുണ്ട്. താരം വിരമിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
മെല്‍ബണില്‍ രോഹിത് ക്ഷമയോടെ ബാറ്റ് ചെയ്‌തെങ്കിലും മിച്ചല്‍ മാര്‍ഷിന്റെ മികച്ച ക്യാച്ചിലാണ് പുറത്തായത്. കമ്മിന്‍സിന്റെ ഫുള്‍ ഡെലിവറിയില്‍ ലീഡിംഗ് എഡ്ജ് ലഭിച്ച പന്ത് മാര്‍ഷ് കൈപ്പിടിയിലൊതുക്കുകയായിരുന്നു.
340 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് രോഹിത്തിന്റെ വിക്കറ്റ് നഷ്ടം തിരിച്ചടിയായി. നേരത്തെ, രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 234 റണ്‍സിന് പുറത്തായിരുന്നു. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.
ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 474 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 369 റണ്‍സിന് പുറത്തായിരുന്നു. 105 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഓസ്‌ട്രേലിയ നേടിയത്.