രോഹിത്ത് മാറിയിട്ടും നാണംകെട്ട തുടക്കം തന്നെ, എല്ലാ കണ്ണും പന്തിലേക്ക്
ഓസ്‌ട്രേലിയക്കെതിരെ അവസാന ടെസ്റ്റിലും ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന നിലയിലാണ്.
32 റണ്‍സുമായി റിഷഭ് പന്തും 11 റണ്‍സുമായി രാവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. യശസ്വി ജയ്‌സ്വാള്‍ (10), കെഎല്‍ രാഹുല്‍ (4), ശുഭ്മാന്‍ ഗില്‍ (20), വിരാട് കോഹ്ലി (17) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍.
ഓസ്‌ട്രേലിയക്കായി സ്‌കോട്ട് ബോളണ്ട് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
നേരത്തെ അടിമുടി മാറ്റങ്ങളോടെയാണ് ഇന്ത്യ സിഡ്‌നിയില്‍ അവസാന മത്സരത്തിനിറങ്ങിയത്. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ജസ്പ്രിത് ബുംറ ഇന്ത്യയുടെ നായകനായി. ആകാശ് ദീപിന് പകരം പ്രസീദ്ധ് കൃഷ്ണയും ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലെത്തി.
പക്ഷെ ഈ മാറ്റങ്ങളൊന്നും കാര്യമായ ഫലം ചെയ്യാത്ത വിദമാണ് ഇന്ത്യയുടെ തുടക്കം. ടീം സ്‌കോര്‍ 11ല്‍ എത്തി നില്‍ക്കെ കെഎല്‍ രാഹുലാണ് ആദ്യം പുറത്തായത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ കോണ്‍സ്റ്റസ് പിടിച്ചാണ് രാഹുല്‍ മടങ്ങിയത്. തൊട്ടുപിന്നാലെ ജയ്‌സ്വാളും പുറത്തായതോടെ ഇന്ത്യ രണ്ടി 17 എന്ന നിലയിലായി.
പിന്നീട് ക്രീസിലെത്തി ഗില്ലും കോഹ്ലിയും ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിപ്പിച്ചെങ്കിലും അതുണ്ടായില്ല. ടീം സ്‌കോര്‍ 57ല്‍ നില്‍ക്കെ ഗില്ലും 72ല്‍ നില്‍ക്കെ കോഹ്ലിയും മടങ്ങി. ലിയോണും ബോളണ്ടുമാണ് യഥാക്രമം ഇരുവരേയും പുറത്താക്കിയത്. പിന്നീടാണ് ജഡേജയും പന്തും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ചായ വരെ എത്തിച്ചത്.