സൈം അയ്യൂബ് മുന്നില്‍ നിന്നും നയിച്ചു, ഒന്‍പത് വിക്കറ്റിന്റെ കൂറ്റന്‍ ജയവുമായി പാകിസ്ഥാന്‍
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം നേടി പാകിസ്ഥാന്റെ തിരിച്ചുവരവ്. ബൗളര്‍മാരും ബാറ്റര്‍മാരും തിളങ്ങിയ മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനാണ് പാകിസ്ഥാന്‍ ഓസ്‌ട്രേലിയയെ തരിപ്പണമാക്കിയത്. ഈ വിജയത്തോടെ മൂന്ന് മത്സര പരമ്പര 1-1 ന് സമനിലയിലായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ 163 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 26.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി വിജയം സ്വന്തമാക്കി.
ഓപ്പണര്‍ സൈം അയ്യൂബിന്റെ (82) മിന്നും പ്രകടനവും കൂടെ അബദുളള ഫെഫീഖിന്റെ അര്‍ധ സെഞ്ച്വറിയുമാണ് പാകിസ്ഥാനെ അനായാസ ജയത്തിലെത്തിച്ചത്. ബാബര്‍ അസം (15*) സിക്സടിച്ചാണ് മത്സരം ഫിനിഷ് ചെയ്തത്.
സൈം അയ്യൂബും അബ്ദുള്ള ഷഫീഖും (64*) ചേര്‍ന്ന് പാകിസ്ഥാന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 137 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു പാകിസ്ഥാന്‍ ബാറ്റര്‍ കളിച്ച ഏറ്റവും ധീരമായ ഇന്നിംഗ്സുകളില്‍ ഒന്നായിരുന്നു സൈമിന്റേത്. 71 പന്തിലായിരുന്നു സൈം 82 റണ്‍സെടുത്തത്. ഫോര്‍മാറ്റ് പരിഗണിക്കാതെ ഓസ്‌ട്രേലിയക്കെതിരെ ഒരു പാകിസ്ഥാന്‍ ബാറ്റര്‍ നേടിയ ഏറ്റവും കൂടുതല്‍ സിക്സറുകളും (5) ഇന്നിംഗ്സിലുണ്ടായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ ഹാരിസ് റൗഫിന്റെ നേതൃത്വത്തിലുളള പാക് ബൗളിംഗ് നിരയാണ് തകര്‍ത്തത്. ഹാരിസ് 29 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. ഷഹീന്‍ ഷാ അഫ്രീദി എട്ടോവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നും നസീം ഷായും മുഹമ്മദ് ഹസ്‌നൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഓസ്‌ട്രേലിയക്കായി 35 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ടോപ് സ്‌കോറര്‍. ആദം സാംപയും ജോഷ് ഇന്‍ഗില്‍സും 18 റണ്‍സ് വീതവുമെടുത്തു.