For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

നാണംകെട്ട് വീണ് ടീം ഇന്ത്യ, തലകളുരുളണം, മെല്‍ബണില്‍ ഓസീസ് വിജയനൃത്തം

12:11 PM Dec 30, 2024 IST | Fahad Abdul Khader
UpdateAt: 12:11 PM Dec 30, 2024 IST
നാണംകെട്ട് വീണ് ടീം ഇന്ത്യ  തലകളുരുളണം  മെല്‍ബണില്‍ ഓസീസ് വിജയനൃത്തം

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയ്ക്കായുളള മെല്‍ബെണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. 184 റണ്‍സിനാണ് ഇന്ത്യയെ ഓസ്‌ട്രേലിയ തകര്‍ത്തത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ കേവലം 155 റണ്‍സിന് കീഴടങ്ങുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-1ന് മുന്നിലെത്തി.

അഞ്ചാം ദിനം രണ്ട് സെഷന്‍ പിന്നിട്ടപ്പോള്‍ മത്സരം സമയനിലയിലേക്കെന്ന് തോന്നിപ്പിച്ചിരുന്നു. ചായക്ക് പിരിയുമ്പോള്‍ മൂന്നിന് 112 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു ടീം ഇന്ത്യ. എന്നാല്‍ പിന്നീട് അവസാന സെഷനില്‍ നാടകീയമായി ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു.

Advertisement

ഇന്ത്യയ്ക്കായി ഓപ്പണര്‍ യശ്വസ്വി ജയ്‌സ്വാള്‍ മാത്രമാണ് പൊരുതിയത്. 208 പന്തില്‍ എട്ട് ഫോറടക്കം 84 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. റിഷഭ് പന്ത് 104 പന്തില്‍ രണ്ട് ഫോറടക്കം 30 റണ്‍സും എടുത്തു. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം തികയ്ക്കാനായില്ല. നാലാം വിക്കറ്റില്‍ ജയ്‌സ്വാളിനൊപ്പം പന്ത് 88 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് ഇന്ത്യയെ വന്‍ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.

ഒന്‍പത് റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയാണ് ആദ്യം പുറത്തായത്. തൊട്ടുടനെ കെഎല്‍ രാഹുല്‍ പൂജ്യനായും കോഹ്ലി അഞ്ച് റണ്‍സെടുത്തും പുറത്തായതോടെ ഇന്ത്യ മൂന്നിന് 33 എന്ന നിലയിലായി. അവിടെ നിന്നാണ് ജയ്‌സ്വാളും പന്തും ചേര്‍ന്ന് ഇന്ത്യന്‍ ആരാധകര്‍ക്ക്് പ്രതീക്ഷ നല്‍കിയത്.

Advertisement

ടീം സ്‌കോര്‍ 121ല്‍ നില്‍ക്കെ പന്ത് പുറത്തായി. പിന്നീട് വിക്കറ്റിന്റെ ഘോഷയാത്രയായിരുന്നു. രവീന്ദ്ര ജഡേജ (2), നിതീഷ് കുമര്‍ റെഡ്ഡി (1), ആകാഷ് ദീപ് (7), ജസ്പ്രിത ബുംറ (0), മുഹമ്മദ് സിറാജ് (0) എന്നിവര്‍ പെട്ടെന്ന് മടങ്ങി. അഞ്ച് റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താകാതെ നിന്നു.

ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് 18 ഓവറില്‍ 28 റണ്‍സ് വഴങ്ങിയും സ്‌കോട്ട് ബോളണ്ട് 16 ഓവറില്‍ 39 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റ് വീഴ്ത്തി. നഥാന്‍ ലിയോണ്‍ രണ്ടും മിച്ചല്‍ സ്റ്റാര്‍ക്കും ട്രാവിസ് ഹെഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisement

Advertisement