പക വീട്ടാനുളളതാണ്, ഗാബയില്‍ സിറാജിന് പണികൊടുത്ത് ഓസ്‌ട്രേലിയ
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഓസീസ് ആരാധകര്‍ വരവേറ്റത് കൂവി വിളിച്ച്. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിനെ പുറത്താക്കിയ ശേഷം സിറാജ് നടത്തിയ ആഘോഷമാണ് ഓസീസ് ആരാധകരെ പ്രകോപിപ്പിച്ചത്.
ഈ സംഭവത്തില്‍ മാച്ച് റഫറി സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തിയിരുന്നു. ജസ്പ്രീത് ബുമ്രയുടെ ആദ്യ ഓവറിനുശേഷം രണ്ടാം ഓവര്‍ എറിയാനായി സിറാജ് റണ്ണപ്പ് തുടങ്ങിയപ്പോഴാണ് ഗ്യാലറിയില്‍ നിന്ന് ഒരു വിഭാഗം ആരാധകര്‍ കൂവിയത്.
അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ സിറാജും ഹെഡും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായിരുന്നു. ഹെഡിനെ പുറത്താക്കിയതിന് ശേഷം സിറാജ് മോശം വാക്കുകള്‍ ഉപയോഗിച്ചുവെന്ന് ഹെഡ് ആരോപിച്ചു. എന്നാല്‍ ഈ ആരോപണം സിറാജ് പിന്നീട് നിഷേധിക്കുകയും ചെയ്തിരുന്നു.
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചപ്പോള്‍ അഡ്‌ലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ 10 വിക്കറ്റ് ജയവുമായി ഓസ്ട്രേലിയ പരമ്പരയില്‍ ഒപ്പമെത്തി. ബ്രിസ്ബേനില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം മഴ മുടക്കി. 13.2 ഓവര്‍ മാത്രമാണ് കളി നടന്നത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയിലാണ്.