ബുംറ എന്ന വന്‍ മരം വീഴുന്നു, ഇന്ത്യന്‍ ക്രിക്കറ്റിന് കനത്ത തിരിച്ചടി
ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയ്ക്കിടെ അമിത ജോലിഭാരം മൂലം ജസ്പ്രീത് ബുംറയ്ക്ക് ഏറ്റ പരിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തലവേദനയാകുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് മത്സരങ്ങളില്‍, പ്രത്യേകിച്ച് പാകിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ ബുംറ കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഏറ്റുവാങ്ങിയ പുറംവേദനയാണ് ബുംറയെ വലയ്ക്കുന്നത്. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി ഞായറാഴ്ചയാണ്.
എന്നാല്‍ ബുംറയുടെ ഫിറ്റ്‌നസ് സംബന്ധിച്ച അനിശ്ചിതത്വം കണക്കിലെടുത്ത് സമയപരിധി നീട്ടി നല്‍കണമെന്ന് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐസിസി ഇക്കാര്യത്തില്‍ അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്നാണ് ബിസിസിഐ കരുതുന്നത്.
ബുംറയെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തണോ അതോ റിസര്‍വ് കളിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണോ എന്നതാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള പ്രധാന ചോദ്യം. ബിസിസിഐ ആദ്യം ഒരു താല്‍ക്കാലിക ടീമിനെ പ്രഖ്യാപിക്കാനാണ് സാധ്യത. ഫെബ്രുവരി 12 വരെ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നതിനാല്‍ ബുംറയുടെ ഫിറ്റ്‌നസ് ശ്രദ്ധാപൂര്‍വ്വം വിലയിരുത്താന്‍ സെലക്ടര്‍മാര്‍ക്ക് സമയമുണ്ട്.
മാര്‍ച്ച് ആദ്യവാരത്തോടെ മാത്രമേ ബുംറമ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. താരം ഉടന്‍ എന്‍സിഎയിലേക്ക് പോകും. അവിടെ മൂന്നാഴ്ചത്തേക്ക് വിദഗ്ധ പരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയമാകും. പരിശീലന മത്സരങ്ങള്‍ കളിച്ച് ഫോം വീണ്ടെടുക്കാനുള്ള ശ്രമങ്ങളും നടക്കും.