For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ക്രിക്കറ്റ് ഇനി ജയ് ഷാ ഭരിക്കും, ഐസിസി ചെയര്‍മാനായി ചുമതലയേറ്റു

08:07 PM Dec 01, 2024 IST | Fahad Abdul Khader
UpdateAt: 08:07 PM Dec 01, 2024 IST
ക്രിക്കറ്റ് ഇനി ജയ് ഷാ ഭരിക്കും  ഐസിസി ചെയര്‍മാനായി ചുമതലയേറ്റു

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാനായി ജയ് ഷാ ചുമതലയേറ്റു. ഡിസംബര്‍ 1 മുതല്‍ ആണ് ഐസിസി തലവനായി ജയ് ഷായുടെ കാലാവധി ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണ് ജയ് ഷാ.

ഐസിസി ചെയര്‍മാന്‍ എന്ന നിലയില്‍ തന്റെ ആദ്യ പ്രസ്താവനയില്‍ ഷാ തന്റെ മുന്‍ഗണനകള്‍ വിശദീകരിച്ചു. ലോസ് ഏഞ്ചല്‍സ് 2028 ഒളിമ്പിക് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത് ഒരു നിര്‍ണായക അവസരമായി ഉപയോഗപ്പെടുത്തുക, വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നിവയാണ് ജയ് ഷാ പ്രഖ്യാപിച്ചിരിക്കുന്ന മുന്‍ഗണനകള്‍.

Advertisement

'ഐസിസി ചെയര്‍മാന്റെ റോള്‍ ഏറ്റെടുക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഐസിസി ഡയറക്ടര്‍മാരുടെയും അംഗ ബോര്‍ഡുകളുടെയും പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി,' ഷാ പ്രസ്താവനയില്‍ പറഞ്ഞു.

'ലോസ് ഏഞ്ചല്‍സ് 2028 ഒളിമ്പിക് ഗെയിംസിനായി തയ്യാറെടുക്കുകയും ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ക്രിക്കറ്റ് കൂടുതല്‍ ജനപ്രിയമാക്കുകയും ചെയ്യുമ്പോള്‍ ഈ കായിക ഇനത്തിന് ഇതൊരു ആവേശകരമായ സമയമാണ്.'

Advertisement

'ഒന്നിലധികം ഫോര്‍മാറ്റുകളുടെ സഹവര്‍ത്തിത്വവും വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഉള്ള ഒരു നിര്‍ണായക ഘട്ടത്തിലാണ് നമ്മള്‍. ക്രിക്കറ്റിന് ആഗോളതലത്തില്‍ വലിയ സാധ്യതയുണ്ട്, ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും കായിക ഇനത്തെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനും ഐസിസി ടീമുമായും അംഗ രാജ്യങ്ങളുമായും അടുത്ത് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' ജയ് ഷാ വ്യക്തമാക്കി.

ക്രിക്കറ്റ് ഭരണത്തില്‍ ഷായ്ക്ക് വിപുലമായ പരിചയമുണ്ട്. 2009 ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലൂടെയാണ് അദ്ദേഹം തന്റെ യാത്ര ആരംഭിച്ചത്. അഹമ്മദാബാദിലെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ വികസനത്തിന് അദ്ദേഹം നേതൃത്വം നല്‍കി.

Advertisement

2019 ല്‍ ഷാ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിലെത്തി (ബിസിസിഐ). അവിടെ ഏറ്റവും പ്രായം കുറഞ്ഞ ഓണററി സെക്രട്ടറിയായി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ്, ഐസിസിയുടെ ധനകാര്യ, വാണിജ്യകാര്യ സമിതി ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഗ്രെഗ് ബാര്‍ക്ലെയുടെ പിന്‍ഗാമിയായാണ് ഷാ ഐസിസി ചെയര്‍മാനാകുന്നത്. 2020 നവംബര്‍ മുതല്‍ ബാര്‍ക്ലെയാണ് ഈ സ്ഥാനത്ത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഐസിസിയുടെ നേട്ടങ്ങളില്‍ ബാര്‍ക്ലെയുടെ സംഭാവനകളെ ഷാ അംഗീകരിച്ചു.

'കഴിഞ്ഞ നാല് വര്‍ഷമായി ഈ റോളില്‍ നേതൃത്വം നല്‍കിയതിനും ആ കാലയളവില്‍ നേടിയ നാഴികക്കല്ലുകള്‍ക്കും ഗ്രെഗ് ബാര്‍ക്ലെയ്ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.

'ആഗോള വേദിയില്‍ കളിയുടെ വ്യാപ്തിയും പരിണാമവും വികസിപ്പിക്കുന്നതിന് ഐസിസി ടീമുമായും അംഗ രാജ്യങ്ങളുമായും അടുത്ത് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' ഷാ പറഞ്ഞ് നിര്‍ത്തി.

Advertisement