മൗനം മുറിച്ച് ബാബര്‍, പകരക്കാരന്റെ സെഞ്ച്വറിയില്‍ ഒടുവില്‍ പ്രതികരിച്ചു
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ തന്റെ പകരക്കാരനായെത്തിയ കമ്രാന്‍ ഗുലാം അടിച്ചെടുത്ത മിന്നും സെഞ്ച്വറിയില്‍ ബാബര്‍ അസം അഭിനന്ദനവുമായി രംഗത്ത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ബാബര്‍ താരത്തെ പ്രശംസിച്ചത്. 'നന്നായി കളിച്ചു കമ്രാന്‍!' എന്നായിരുന്നു ബാബറിന്റെ വാക്കുകള്‍.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ 224 പന്തുകള്‍ നേരിട്ട് 11 ഫോറുകളും ഒരു സിക്‌സും സഹിതം 118 റണ്‍സാണ് കമ്രാന്‍ നേടിയത്. ഈ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ആദ്യ ദിനം പാകിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് നേടി.
യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനായാണ് ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി തുടങ്ങിയ മുതിര്‍ന്ന താരങ്ങളെ ഈ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തോല്‍വികളില്‍ നിന്ന് കരകയറാന്‍ ടീമിന് ഈ മാറ്റം ആവശ്യമാണെന്നും ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റുകള്‍ക്കുള്ള പാകിസ്ഥാന്‍ ടീം:
ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍ (വൈസ് ക്യാപ്റ്റന്‍), ആമിര്‍ ജമാല്‍, അബ്ദുള്ള ഷെഫീക്ക്, ഹസീബുള്ളാഹ് (വിക്കറ്റ് കീപ്പര്‍), കമ്രാന്‍ ഗുലാം, മെഹ്റാന്‍ മുംതാസ്, മിര്‍ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുരൈര, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), നോമന്‍ അലി, സയീം ആയുബ്, സജിദ് ഖാന്‍, സല്‍മാന്‍ അലി ആഗ, സാഹിദ് മെഹ്മൂദ്.