അവന്റെ കൈപിടിച്ചു, പി.വി. സിന്ധു വിവാഹിതയാകുന്നു
ഇന്ത്യയുടെ അഭിമാനമായ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. വരന്‍ മറ്റാരുമല്ല, ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട്ട ദത്ത സായ് ആണ് സിന്ധുവിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്നത്.
ഡിസംബര്‍ 22ന് രാജകീയ നഗരിയായ ഉദയ്പൂരില്‍ വച്ചാണ് വിവാഹം നടക്കുക. തുടര്‍ന്ന് 24ന് ഹൈദരാബാദില്‍ ഗംഭീരമായ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്.
വര്‍ഷങ്ങളായുള്ള പരിചയത്തിനൊടുവില്‍ കഴിഞ്ഞ മാസമാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചതെന്ന് സിന്ധുവിന്റെ പിതാവ് പി.വി. രമണ അറിയിച്ചു. ജനുവരിയില്‍ സിന്ധു വീണ്ടും കോര്‍ട്ടിലേക്ക് മടങ്ങുന്നതിനാല്‍ ഡിസംബറില്‍ തന്നെ വിവാഹം നടത്താനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് ശേഷം സയ്യിദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിജയം നേടിയ സിന്ധുവിന് വിവാഹം ഒരു പുത്തന്‍ ഉണര്‍വ്വാകുമെന്നാണ് പ്രതീക്ഷ.
ആരാണ് ഈ വെങ്കട്ട ദത്ത സായ്?
ഹൈദരാബാദ് സ്വദേശിയായ വെങ്കട്ട ദത്ത സായ്, പോസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. കടുത്ത കായിക പ്രേമിയായ അദ്ദേഹം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബിന്റെയും ബാഡ്മിന്റണ്‍, ക്രിക്കറ്റ് തുടങ്ങിയ കായിക ഇനങ്ങളുടെയും ആരാധകനാണ്.
ഫൗണ്ടേഷന്‍ ഓഫ് ലിബറല്‍ ആന്‍ഡ് മാനേജ്മെന്റ് എഡ്യുക്കേഷനില്‍ നിന്ന് അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സില്‍ ബിരുദവും ബെംഗളൂരുവിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ നിന്ന് ഡേറ്റ സയന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ലിബറല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസില്‍ ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്.