പാകിസ്ഥാന്‍ തളരുമ്പോള്‍ ബംഗ്ലാദേശില്‍ പേസ് വിപ്ലവം നടക്കുന്നു, കടുവകളെ പേടിക്കണം
ഷമീന്‍ അബ്ദുല്‍ മജീദ്
ബംഗ്ലാദേശ് ക്രിക്കറ്റില്‍ വലിയ കോലാഹലങ്ങളില്ലാതെ നിശബ്ദമായി ഒരു പേസ് വിപ്ലവം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. കാലാകാലങ്ങളായി ഒരുപാട് സ്പിന്നര്‍മാരെ പ്രൊഡ്യൂസ് ചെയ്ത മണ്ണില്‍ നിന്നും പേസ് ബൗളിംഗിന്റെ പ്രതീക്ഷകള്‍ ഉയര്‍ന്ന് വരികയാണ്…..
ഏഷ്യന്‍ രാജ്യങ്ങളില്‍ പേര് കേട്ട പേസ് പട സ്വന്തമായുണ്ടായിരുന്ന പാക്കിസ്ഥാന്‍ തളര്‍ന്ന് വീഴുകയും മലിംഗക്ക് ശേഷം കാര്യമായ ചലനമുണ്ടാക്കാതെ ശ്രീലങ്കയും പതറി നില്‍ക്കുന്ന ഒരു കാലഘട്ടമാണ് ഇത്. നിലവില്‍ ശക്തമായ പേസ് പടയുള്ള ഒരേയൊരു ഏഷ്യന്‍ ക്രിക്കറ്റ് ടീം ഇന്ത്യ മാത്രമായി നില്‍ക്കുമ്പോള്‍ വലിയ ചലനങ്ങള്‍ ഇല്ലെങ്കിലും ബംഗ്ലാദേശ് ടീമിലെ പുതിയ പേസ് വിപ്ലവം നല്‍കുന്ന പ്രതീക്ഷകള്‍ വലുതാണ്……
റാവല്‍പ്പിണ്ടിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരിന്നിങ്‌സില്‍ ഒരു ടീമിന്റെ മുഴുവന്‍ വിക്കറ്റുകളും ബംഗ്ലാദേശ് പേസര്‍മാര്‍ സ്വന്തമാക്കുന്നത്. മുഴുവന്‍ വിക്കറ്റുകള്‍ എടുത്തത് മാത്രമല്ല അത് എടുത്ത രീതിയും ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്. 5 വിക്കറ്റുകള്‍ ഹസന്‍ മഹ്മൂദ് എന്ന 24 വയസ്സുകാരന്‍ പേസര്‍ എടുത്തപ്പോള്‍ 4 വിക്കറ്റുകള്‍ എടുത്തത് നാഹിദ് റാണ എന്ന 21 വയസ്സുകാരനും….
ഇതില്‍ നാഹിദ് റാണ ബംഗ്ലാദേശില്‍ ഒട്ടുംതന്നെ കണ്ട് പരിചയമില്ലാത്തതും ഏഷ്യന്‍ ക്രിക്കറ്റില്‍ തന്നെ ചുരുക്കമായ 150 സ്പീഡിന് അടുത്ത് എറിയാന്‍ കഴിയുന്ന ഉയരം കൂടിയ ബൗണ്‍സ് ലഭിക്കുന്ന ഒരു ഔട്ട്‌റൈറ്റ് പേസ് ബൗളറാണ്. 18-ാം വയസ്സില്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ നാഹിദിന്റെ ടാലന്റ് കണ്ട് അധികം ഡൊമസ്റ്റിക് മല്‍സരങ്ങള്‍ കളിക്കുന്നതിന് മുന്നേ തന്നെ ഇന്റര്‍നാഷണലില്‍ ബംഗ്ലാ ടീം കളിപ്പിക്കുകയായിരുന്നു.
ഹസന്‍ മഹ്മൂദ് ആണെങ്കില്‍ 140 ന് മുകളില്‍ എറിയാന്‍ കഴിയുന്ന ഉയരം കുറഞ്ഞ സ്‌കിഡിയായ മികച്ച ബൗളറും. പാക്കിസ്ഥാനെതിരെ ഇവരുടെ കോമ്പിനേഷനില്‍ വന്ന തീ പാറിയ സ്‌പെല്‍ ബംഗ്ലാ ടീമിന് ഒരു ശുഭപ്രതീക്ഷയാണ്.
വെറും 3 ടെസ്റ്റ് മല്‍സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ഇവര്‍ക്കൊപ്പം ടാസ്‌കിനും കൂടി ചേരുമ്പോള്‍ മോശമല്ലാത്ത ഒരു പേസ് ബൗളിംഗ് യൂണിറ്റ് ബംഗ്ലാ ടീമിന് ലഭിക്കുന്നുണ്ട്. ഇനി വരാന്‍ പോകുന്ന വിദേശ ടൂറുകളില്‍ കുറച്ചെങ്കിലും പിടിച്ച് നില്‍ക്കാന്‍ ഈയൊരു പേസ് യൂണിറ്റ് അവരെ സഹായിച്ചേക്കും ….
ഒരു വശത്ത് പാക്കിസ്ഥാന്‍ പേസ് ബൗളിംഗില്‍ തളരുമ്പോള്‍ മറുവശത്ത് നിന്ന് ബംഗ്ലദേശ് ഉയര്‍ന്ന് വരട്ടെ…..