വഴിതെറ്റി പോലും ഇനി ഇന്ത്യയിലേക്ക് വരില്ല, അത്രയേറെ കടുവകള്‍ ഇവിടെ അനുഭവിച്ച് കഴിഞ്ഞു
ശങ്കര്‍ ദാസ്
ഇനി വഴിതെറ്റിയിട്ട് പോലും ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം.കഴിഞ്ഞ 4 മത്സരങ്ങളില്‍ നിന്നും അത്രത്തോളം അവര്‍ അനുഭവിച്ച് കഴിഞ്ഞു.
ചെന്നൈ ടെസ്റ്റിലായിരുന്നു തുടക്കം.ചെറുതായൊന്ന് കൊതിപ്പിച്ചതിനു ശേഷം നാല് ദിവസം കൊണ്ട് ഇന്ത്യ ടെസ്റ്റ് തീരുമാനമാക്കി.ഫോളോ ഓണ്‍ ചെയ്യിക്കാതെയും ,പറ്റുമായിരുന്നിട്ടും 600 ന് മുകളിലുള്ള ടാര്‍ഗറ്റ് കൊടുക്കാതെയും ഇന്ത്യ ചെറിയ ദാക്ഷിണ്യം കാണിച്ചു എന്ന് വേണമെങ്കില്‍ പറയാം.
കാണ്‍പൂര്‍ ടെസ്റ്റ്, രണ്ടരദിവസം മഴ അപഹരിച്ചതോടെ കൊതിപ്പിക്കാനും തലോടാനും ഒന്നും ഉള്ള സാവകാശം കാണ്‍പൂരില്‍ ഇല്ലായിരുന്നു.കടും വെട്ട് തന്നെ വെട്ടി രണ്ടരദിവസത്തിനുള്ളില്‍ ഇന്ത്യ അവരുടെ കഴുത്ത് ഞെരിച്ചു.
രോഹിതും സംഘവും നിര്‍ത്തിയ 'നരനായാട്ട്' സൂര്യയും പിള്ളേരും ടി20 യില്‍ തുടര്‍ന്നു.ഗ്വാളിയോര്‍ ആയിരുന്നു ആദ്യ വേദി.തപ്പിത്തടഞ്ഞു ബംഗ്ലാദേശ് നേടിയ 127 റണ്‍സ് പന്ത്രണ്ടാം ഓവറില്‍ തന്നെ ഇന്ത്യ മറികടന്നതോടെ ' ഇന്ത്യ തങ്ങള്‍ക്ക് പറ്റിയ എതിരാളികള്‍ അല്ലെന്നുള്ള കാര്യം അവര്‍ ഒരിക്കല്‍ക്കൂടി തിരിച്ചറിഞ്ഞു.
തന്റെ എല്ലാ ബൗളെര്‍മാര്‍ക്കും ക്വാട്ട പൂര്‍ത്തിയാക്കണമെങ്കില്‍ ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യണം എന്ന യാഥാര്‍ഥ്യം അംഗീകരിച്ച് കൊണ്ടാവണം ഡല്‍ഹിയില്‍ ടോസ് നേടിയ ക്യാപ്റ്റന്‍ ഷാന്റോ ഇന്ത്യയെ ബാറ്റിങിനയച്ചത്.180 റണ്‍സ് എത്തിക്കാന്‍ പോലും കഴിവുള്ള ബാറ്റര്‍മാര്‍ തന്റെ ടീമില്‍ ഇല്ലെന്ന് രണ്ട് ദിവസം മുന്‍പ് വിലപിച്ച ക്യാപ്റ്റന്റെ മുന്നിലോട്ട് 222 റണ്‍സ് എന്ന വിജയലക്ഷ്യം മുന്നോട്ട് വെച്ചത് ഒരല്പം ക്രൂരമായിപ്പോയില്ലേ എന്ന് സംശയിച്ചാലും തെറ്റ് പറയാനാവില്ല.ഇരുപത് ഓവറില്‍ ചടങ്ങ് പൂര്‍ത്തിയാക്കുമ്പോള്‍ ബംഗ്ലാദേശ് 86 റണ്‍സ് അകലെയായിരുന്നു.
അടുത്തമത്സരം കൂടി എങ്ങനെയെങ്കിലും കളിച്ച് തീര്‍ത്ത് നാട്ടില്‍ പോയി ക്ഷീണം മാറ്റാന്‍ കാത്തിരിക്കുന്നവരാകും ബംഗ്ലാ താരങ്ങള്‍.ശനിയാഴ്ച അവസാന ചടങ്ങും തീര്‍ത്ത് മടങ്ങുമ്പോള്‍ 'നന്ദി വീണ്ടും വരിക'എന്ന് ഔപചാരികതയുടെ പേരില്‍ ആരെങ്കിലും പറഞ്ഞാല്‍ അത് ഷാന്റോയും സംഘവും അത് ' ട്രോള്‍' ആയിക്കണ്ടാലും അദ്ഭുതപ്പെടാനില്ല