തുടരാൻ വേണ്ടി കാലു പിടിച്ചവർ തന്നെ ഒഴിവാക്കുന്നു, സാവി ബാഴ്‌സലോണയിൽ നിന്നും പുറത്തേക്ക്
ബാഴ്‌സലോണ പരിശീലകസ്ഥാനത്തു നിന്നും സാവി ഹെർണാണ്ടസ് പുറത്തേക്കെന്നു റിപ്പോർട്ടുകൾ. ഈ സീസൺ കഴിഞ്ഞാൽ പരിശീലകസ്ഥാനം ഒഴിയുകയാണെന്ന് പറഞ്ഞിരുന്ന സാവിയെ ക്ലബ് നേതൃത്വം ഇടപെട്ടാണ് അടുത്തിടെ തുടരാൻ സമ്മതിപ്പിച്ചത്. എന്നാലിപ്പോൾ അവർ തന്നെ സാവിയെ പുറത്താക്കുമെന്നാണ് സ്പൈനിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം അൽമേരിയക്കെതീരെ നടന്ന മത്സരത്തിന് മുൻപ് പറഞ്ഞ വാക്കുകളാണ് സാവിക്ക് തിരിച്ചടി നൽകിയത്. ബാഴ്‌സലോണ കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ ആയതിനാൽ റയൽ മാഡ്രിഡിനോട് മത്സരിക്കാൻ കഴിയില്ലെന്നും അതുപോലെ ബ്രസീലിയൻ താരം റോക്യൂവിനെ ജനുവരിയിൽ എത്തിക്കാൻ പദ്ധതി ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
🚨 BREAKING: Xavi will be sacked by Barcelona. 😳
(via @rac1) pic.twitter.com/OeoZb97pta
— Pubity Sport (@pubitysport) May 17, 2024
സാവിയുടെ ഈ പ്രതികരണം ക്ലബ് പ്രസിഡന്റായ യോൻ ലപോർട്ടക്ക് വളരെയധികം രോഷമുണ്ടാക്കിയിട്ടുണ്ട്. ക്ലബിൽ തുടരാൻ സമ്മതിക്കുമ്പോൾ സ്‌ക്വാഡിൽ തൃപ്‌തനാണെന്നു പറഞ്ഞിരുന്ന സാവി അതിനു ശേഷം അതിനു വിരുദ്ധമായ രീതിയിൽ സംസാരിച്ചതാണ് അദ്ദേഹത്തിന് രോഷമുണ്ടാക്കിയത്. ബാഴ്‌സലോണ ബോർഡ് മെമ്പേഴ്‌സും സാവിക്കെതിരെ തിരിഞ്ഞിട്ടുണ്ട്.
റൊണാൾഡ് കൂമാനെ പുറത്താക്കിയതിന് ശേഷം സ്ഥാനമേറ്റെടുത്ത സാവി കഴിഞ്ഞ സീസണിൽ ക്ലബിലെ ലീഗ് കിരീടവും സൂപ്പർകപ്പും സ്വന്തമാക്കാൻ സഹായിച്ചു. ഈ സീസണിൽ ടീമിന്റെ പ്രകടനം മോശമായിരുന്നു എങ്കിലും സാവി തുടരുമെന്നത് ആരാധകർക്ക് ആശ്വാസമായിരുന്നു. എന്നാൽ അദ്ദേഹത്തെ പുറത്താക്കുന്നതിലൂടെ ബാഴ്‌സയിലെ പ്രശ്‌നങ്ങൾ ഇപ്പോൾ തീരില്ലെന്നാണ് വ്യക്തമാകുന്നത്.