പുതിയ താരങ്ങളുടെ കരുത്തിൽ ബാഴ്‌സലോണ കുതിക്കുന്നു, തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും അഞ്ചു ഗോൾ വിജയം
കടുത്ത സാമ്പത്തികപ്രതിസന്ധികളുടെ ഇടയിലൂടെ കടന്നു പോവുന്ന ബാഴ്‌സലോണക്ക് ആഗ്രഹിച്ച താരങ്ങളെയൊന്നും സ്വന്തമാക്കാൻ കഴിയാത്ത സാഹചര്യമാണ് കുറച്ചു കാലമായി നേരിട്ടു കൊണ്ടിരിക്കുന്നത്. കുറഞ്ഞ പ്രതിഫലം വാങ്ങുന്ന, ഫ്രീ ഏജന്റായ താരങ്ങളെയാണ് ബാഴ്‌സലോണ പ്രധാനമായും ഇപ്പോൾ സ്വന്തമാക്കുന്നത്. അതിനിടയിൽ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസം രണ്ടു താരങ്ങൾ അപ്രതീക്ഷിതമായി ബാഴ്‌സലോണയിൽ എത്തിയിരുന്നു.
അത്ലറ്റികോ മാഡ്രിഡിൽ നിന്നും ജോവോ ഫെലിക്‌സും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ജോവോ കാൻസലോയുമാണ് ബാഴ്‌സലോണയിൽ എത്തിയ പുതിയ താരങ്ങൾ. അവരുടെ ക്ലബുകളിൽ അവസരങ്ങൾ കുറഞ്ഞതും പരിശീലകനുമായുള്ള അഭിപ്രായവ്യത്യാസങ്ങളുമാണ് ഈ താരങ്ങളെ ബാഴ്‌സലോണയിൽ എത്തിച്ചത്. എന്തായാലും അവരുടെ വരവോടെ ഈ സീസണിൽ എല്ലാ കിരീടങ്ങൾക്കും വേണ്ടി പൊരുതാൻ കരുത്തുള്ള ടീമായി ബാഴ്‌സലോണ മാറിയെന്നതിൽ സംശയമില്ല.
ലാ ലിഗയിൽ അപരാജിതരായി മുന്നോട്ടു പോകുന്ന ബാഴ്‌സലോണ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ബെൽജിയൻ ക്ലബായ റോയൽ ആന്റിവേർപ്പിനെതിരെ നടന്ന മത്സരത്തിൽ താരമായത് പുതിയതായി ടീമിലെത്തിയ പോർച്ചുഗൽ താരമായ ജോവോ ഫെലിക്‌സായിരുന്നു. രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ താരത്തിനു പുറമെ ലെവൻഡോസ്‌കി, ഗാവി എന്നിവരും ബാഴ്‌സലോണക്കായി ഗോളുകൾ നേടി.
തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് ജോവോ ഫെലിക്‌സ് ഗോൾ നേടുന്നത്. അതിനു മുൻപ് റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിൽ ഫെലിക്‌സ് മാത്രമല്ല, കാൻസലോയും ഗോൾ നേടിയിരുന്നു. ഈ രണ്ടു മത്സരങ്ങളിലും ബാഴ്‌സലോണ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയം നേടി. ബാഴ്‌സയെ അപേക്ഷിച്ച് ഈ ടീമുകൾ ദുർബലരാണെങ്കിലും ഒരു ടീമെന്ന നിലയിൽ കാറ്റാലൻസിനു വന്ന കെട്ടുറപ്പ് ഈ മത്സരങ്ങളിൽ നിന്നും വ്യക്തമാണ്.
തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് ബാഴ്‌സലോണ അഞ്ചു ഗോളുകൾ നേടുന്നത്. കഴിഞ്ഞ സീസണിൽ പരിക്കിന്റെ തിരിച്ചടികൾ കാരണം ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പുറത്തു പോകേണ്ടി വന്ന ബാഴ്‌സലോണ ഇത്തവണ തുടക്കം മികച്ചതാക്കിയിട്ടുണ്ട്. ലീഗിൽ റയൽ മാഡ്രിഡിന് രണ്ടു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ടീമിന്റെ ഇപ്പോഴത്തെ പ്രകടനം ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്.