ബറോഡന്‍ കൂറ്റന്‍ സ്‌കോറില്‍ ചാവേറായി കേരളം, പൊട്ടിത്തെറിച്ചു, തോറ്റു
വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടി. ബറോഡയ്ക്കെതിരായ മത്സരത്തില്‍ 62 റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 404 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 45.5 ഓവറില്‍ 341 റണ്‍സിന് എല്ലാവരും പുറത്തായി.
മുഹമ്മദ് അസ്ഹറുദ്ദീന്‍ (104) സെഞ്ച്വറി നേടിയെങ്കിലും കേരളത്തിന് വിജയം നേടാനായില്ല. രോഹന്‍ കുന്നുമ്മല്‍ (65), അഹമ്മദ് ഇമ്രാന്‍ (51) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബറോഡയ്ക്ക് വേണ്ടി നിനാദ് അശ്വിന്‍കുമാര്‍ (136) സെഞ്ച്വറി നേടി. പാര്‍ത്ഥ് കോലി (72), ഹാര്‍ദിക് പാണ്ഡ്യ (70) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ഷറഫുദ്ദീന്‍ കേരളത്തിനായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
രോഹന്‍ കുന്നുമ്മലും അഹമ്മദ് ഇമ്രാനും ചേര്‍ന്ന് കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നഷ്ടപ്പെട്ടു. അസ്ഹറുദ്ദീന്‍ മാത്രമാണ് പിന്നീട് പൊരുതിയത്.
ബറോഡയ്ക്ക് വേണ്ടി അശ്വിന്‍കുമാറും കോലിയും ചേര്‍ന്ന് 198 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് ക്രുനാലും വിഷ്ണു സോളങ്കിയും ചേര്‍ന്ന് സ്‌കോര്‍ 400 കടത്തി.
സഞ്ജു സാംസണില്ലാതെയാണ് കേരളം ഈ മത്സരത്തിനിറങ്ങിയത്. സല്‍മാന്‍ നിസാറാണ് ടീമിനെ നയിച്ചത്.