നടപടി താരങ്ങളുടെ ഭാര്യമാര്‍ക്കെതിരേയും, കടുത്ത തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ
ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ വന്‍ തോല്‍വി (1-3) ഏറ്റുവാങ്ങിയതോടെ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവസരം നഷ്ടമായി. മിക്ക കളിക്കാരും ടൂറില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതില്‍ പരാജയപ്പെട്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
ഇപ്പോഴിതാ തോല്‍വി കാരണങ്ങള്‍ വിലയിരുത്തുകയാണ ബിസിസിഐ. താരങ്ങള്‍ക്കെതിരേയും കര്‍ശന നടപടികളിലേക്ക് ബിസിസിഐ നീങ്ങുകയാണ്. സമീപകാല വാര്‍ഷിക പൊതുയോഗത്തില്‍, ബിസിസിഐ ചില കര്‍ശന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിയന്ത്രണം
ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇനിമുതല്‍ വിദേശ ടൂറുകളില്‍ മുഴുവന്‍ സമയവും ടീമിനൊപ്പം താമസിക്കാന്‍ കഴിയില്ല. 45 ദിവസത്തെ ടൂറില്‍ പരമാവധി 14 ദിവസത്തെ താമസം മാത്രമേ അനുവദിക്കൂ. വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ തുടങ്ങിയ നിരവധി ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ എല്ലാ മത്സരങ്ങളിലും ടീമിനൊപ്പം പങ്കെടുത്തിരുന്നു.
ടീം ബസില്‍ മാത്രം യാത്ര
എല്ലാ ടീം അംഗങ്ങളും ടീം ബസില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്നും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ആര്‍ക്കും പ്രത്യേകം യാത്ര ചെയ്യാന്‍ അനുവാദമുണ്ടാകില്ല. സമീപകാല പരമ്പരകളില്‍ വിരാട് കോഹ്ലി പ്രത്യേകം യാത്ര ചെയ്യുന്നത് പലപ്പോഴും കണ്ടിരുന്നു.
സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെ കരാറുകള്‍ പരിഷ്‌കരിക്കും
ഇന്ത്യന്‍ ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെ കാലാവധി പരമാവധി മൂന്ന് വര്‍ഷമായി നിശ്ചയിക്കും. ന്യൂസിലന്‍ഡിനെതിരെ സ്വന്തം നാട്ടിലും ഓസ്ട്രേലിയക്കെതിരെ വിദേശത്തും ടെസ്റ്റ് പരമ്പരകള്‍ തോറ്റതിനെ തുടര്‍ന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും അഭിഷേക് നായര്‍, മോര്‍ണ്‍ മോര്‍ക്കല്‍, റയാന്‍ ടെന്‍ ഡോഷേറ്റ് തുടങ്ങിയവരടങ്ങുന്ന പുതിയ സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെ പ്രകടനം കടുത്ത വിമര്‍ശനത്തിന് വിധേയമായിരുന്നു.
2024 ജൂലൈ 9 നാണ് ഗൗതം ഗംഭീറിനെ മുഖ പരിശീലകനായി നിയമിച്ചത്. 2027 ഡിസംബര്‍ 31 ന് ഗംഭീറിന്റെ കരാര്‍ അവസാനിക്കും. അതായത് അദ്ദേഹത്തിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ കൂടുതലാണ്.