സ്ഥിതി ഗുരുതരം, പന്ത് വിട്ടുനില്‍ക്കുന്നു, സഞ്ജുവോ ഇഷാനോ ടീമിലെത്തിയേക്കും
ബംഗളൂരു ടെസ്റ്റിനിടെ കാല്‍മുട്ടിന് പരിക്കേറ്റ റിഷഭ് പന്ത് മൂന്നാം ദിനം കളിക്കില്ലെന്ന് ബിസിസിഐയുടെ അറിയിപ്പ്. ഇത് ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ആശങ്കപ്പെടുത്തുന്നുണ്ട്. രണ്ടാം ദിനത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് പന്തിന് പരിക്കേറ്റത്.
കീപ്പിംഗ് നില്‍ക്കുമ്പോള്‍ രവീന്ദ്ര ജഡേജയുടെ അതിവേഗത്തിലുളള പന്ത് കാല്‍മുട്ടില്‍ പതിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് കാറപകടത്തില്‍ പരിക്കേറ്റ ഇടത് കാലിന് തന്നെയാണ് വീണ്ടും പരിക്കേറ്റത് എന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
ബോള്‍ കൊണ്ട ഉടന്‍ വേദന കാരണം റിഷഭ് പന്ത് മൈതാനം വിട്ടിരുന്നു. എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് പന്തിനെ മാറ്റിയതെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മത്ര ശേഷം പറഞ്ഞത്. കാലിന് നീര് വന്നപ്പോള്‍ റിഷഭ് പന്ത് പേടിച്ചു പോയെന്നും രോഹിത്ത് പറഞ്ഞിരുന്നു.
പന്തിന് പകരം ധ്രുവ് ജുറെല്‍ വിക്കറ്റ് കീപ്പറാകും. രണ്ടാം ഇന്നിംഗ്‌സില്‍ റിഷഭ് പന്ത് ബാറ്റിംഗിന് ഇറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബിസിസിഐ മെഡിക്കല്‍ സംഘം പന്തിനെ നിരീക്ഷിച്ചു വരികയാണ്. പന്ത് കളിച്ചില്ലങ്കില്‍ ഇപ്പോള്‍ തന്നെ വളരെ പിന്നിലായ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും.
പന്തിന് പകരക്കാരനായി രണ്ടാം ടെസ്റ്റില്‍ ആര് ടീമിലെത്തും എന്നതും കാത്തിരുന്ന് കാണണം. ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇഷാന്‍ കിഷനോ സഞ്ജു സാംസണോ ആയിരിക്കും പന്തിന് പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്തുക.