കോഹ്ലിയുടെ വിരട്ടല്‍ ഫലം കണ്ടു, നയം മാറ്റാനൊരുങ്ങി ബിസിസിഐ
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് ശേഷം ബിസിസിഐ നടപ്പിലാക്കിയ 'ഫാമിലി ഡിക്റ്റാറ്റ്' നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പകരം വിദേശ പര്യടനങ്ങളില്‍ കളിക്കാര്‍ക്ക് കൂടുതല്‍ കാലം കുടുംബത്തോടൊപ്പം കഴിയണമെങ്കില്‍ അതിനായി അനുമതി തേടേണ്ടി വരുമെന്നാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈയടുത്ത് പുറത്തിറക്കിയ ബിസിസിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വിദേശ പര്യടനങ്ങളില്‍ കളിക്കാര്‍ക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാവുന്ന സമയം പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, അടുത്തിടെ വിരാട് കോഹ്ലി തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും സമ്മര്‍ദ്ദമേറിയ സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് വിദേശ പര്യടനങ്ങളില്‍ കളിക്കാര്‍ക്ക് പ്രിയപ്പെട്ടവര്‍ അടുത്ത് ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തിരുന്നു.
'പര്യടനങ്ങളില്‍ കുടുംബങ്ങള്‍ക്ക് കൂടുതല്‍ കാലം തങ്ങണമെങ്കില്‍ കളിക്കാര്‍ക്ക് അനുമതിക്കായി അപേക്ഷിക്കാം. ബിസിസിഐ ഉചിതമെന്ന് തോന്നുന്ന രീതിയില്‍ തീരുമാനമെടുക്കും' ഒരു ബിസിസിഐ ഉന്നത വൃത്തം ഇന്ത്യ ടുഡേയോട് പറഞ്ഞു.
അതേസമയം, ഇതിഹാസ ക്രിക്കറ്റ് താരം കപില്‍ ദേവ് കളിക്കാര്‍ക്കൊപ്പം കുടുംബം പര്യടനങ്ങളില്‍ യാത്ര ചെയ്യുന്നതിനെ അനുകൂലിച്ചു. എന്നാല്‍ അഭിപ്രായഭിന്നതകള്‍ ഉയരുന്ന ഈ വിഷയത്തില്‍ ഒരു സമതുലിതമായ സമീപനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യ ഓസ്ട്രേലിയയോട് 1-3ന് ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ, 45 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പര്യടനങ്ങളില്‍ കുടുംബ സന്ദര്‍ശനളെ ഒപ്പം കൂട്ടുന്നതിലെ ദൈര്‍ഘ്യം പരിമിതപ്പെടുത്താന്‍ ബിസിസിഐ നിര്‍ദ്ദേശം നല്‍കിയിരുന്നു. പരമാവധി 14 ദിവസം വരെ കുടുംബത്തോടൊപ്പം ചിലവഴിക്കാമെന്നാണ് പുതിയ നിയമം. ചെറിയ പര്യടനങ്ങളില്‍ കളിക്കാര്‍ക്ക് പരമാവധി ഒരാഴ്ച വരെ കുടുംബത്തെ കൊണ്ടുവരാമെന്നും ബിസിസിഐ നിഷ്‌കര്‍ഷിക്കുന്നു. ഇതാണ് വിമര്‍ശനത്തിന് കാരണമായത്.