രോഹിത്, കോഹ്ലി, ഗംഭീര്‍ സേഫ്, ആരേയും നോവിക്കേണ്ടെന്ന് ബിസിസിഐ തീരുമാനം, ടീമില്‍ തുടരും
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് 1-3 ന് ദയനീയമായി പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും ഭാവി ചോദ്യം ചെയ്യപ്പെടുകയാണല്ലോ. മോശം പ്രകടനമാണ് ഇരുവരും പരമ്പരയില്‍ ഉടനീളം കാഴ്ചവച്ചത്. ഇന്ത്യയുടെ തോല്‍വിയില്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും പങ്കും വിമര്‍ശനത്തിന് വിധേയമായി.
എന്നാല്‍, നിലവില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം, മൂന്ന് പേരും തല്‍സ്ഥാനങ്ങളില്‍ തുടരുമെന്നാണ് സൂചന. ചാമ്പ്യന്‍സ് ട്രോഫിയിലും ജൂണില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലും കോഹ്ലിയും രോഹിതും ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇന്ത്യന്‍ ടീമിന്റെ മുന്‍നിരയിലെ പ്രധാന താരങ്ങളാണ് രോഹിതും കോഹ്ലിയും. ജൂണില്‍ ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് നേടുന്നതില്‍ ഇരുവരും നിര്‍ണായക പങ്ക് വഹിച്ചു. എന്നാല്‍ അതിനുശേഷം ഇരുവരുടെയും ഫോം തകര്‍ച്ചയിലാണ്.
അതെസമയം ഇന്ത്യുടെ സമീപകാല പ്രകടനങ്ങളുടെ അവലോകനം ഉടന്‍ നടക്കും. എന്നാല്‍, പരാജയത്തിന് ബിസിസിഐ ഹെഡ് കോച്ച് ഗൗതം ഗംഭീറിനെ കുറ്റപ്പെടുത്തില്ലെന്നും ഐഎഎന്‍എസ് ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന്ു.
'അവലോകന യോഗം ഉണ്ടാകും, പക്ഷേ ആരെയും പുറത്താക്കില്ല. ഒരു പരമ്പരയിലെ ബാറ്റര്‍മാരുടെ മോശം പ്രകടനത്തിന് കോച്ചിനെ പുറത്താക്കാന്‍ കഴിയില്ല. ഗൗതം ഗംഭീര്‍ കോച്ചായി തുടരും, വിരാടും രോഹിതും ഇംഗ്ലണ്ട് പരമ്പരയില്‍ കളിക്കും. ഇപ്പോള്‍ ശ്രദ്ധ ചാമ്പ്യന്‍സ് ട്രോഫിയിലാണ്,' ബിസിസിഐ വൃത്തങ്ങള്‍ ഐഎഎന്‍എസിനോട് പറഞ്ഞു.
പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടി കോഹ്ലി പരമ്പര മികച്ച രീതിയില്‍ ആരംഭിച്ചു. എന്നിരുന്നാലും, പിന്നീട് ഫോം നഷ്ടമായി. പരമ്പരയില്‍ 190 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകള്‍ക്ക് പിന്നാലെ പോയി എട്ട് തവണയും കോഹ്ലി പുറത്തായി.
രണ്ടാമത്തെ കുട്ടിയുടെ ജനനത്തെത്തുടര്‍ന്ന് പെര്‍ത്ത് ടെസ്റ്റ് നഷ്ടമായ രോഹിത്, മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 31 റണ്‍സ് മാത്രമാണ് നേടിയത്. സിഡ്നിയിലെ അഞ്ചാം മത്സരത്തില്‍ കളിക്കാന്‍ അദ്ദേഹം വിശ്രമം തിരഞ്ഞെടുത്തു.
സിഡ്നി ടെസ്റ്റിന്റെ അവസാനം, വിരാടിന്റെയും രോഹിതിന്റെയും ഭാവി സംബന്ധിച്ച് ഗംഭീറിനോട് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ഇപ്പോഴും രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള 'വിശപ്പും അഭിനിവേശവും' ഉണ്ടെന്നാണ് ഗംഭീര്‍ ഉറപ്പിച്ചു പറഞ്ഞത്.
'എനിക്ക് ഒരു കളിക്കാരന്റെയും ഭാവി സംബന്ധിച്ച് സംസാരിക്കാന്‍ കഴിയില്ല. അത് അവരുടെ തീരുമാനമാണ്. പക്ഷേ, അവര്‍ക്ക് ഇപ്പോഴും വിശപ്പും അഭിനിവേശവും ഉണ്ട്, അവര്‍ കരുത്തരായ ആളുകളാണ് എന്ന് എനിക്ക് പറയാന്‍ കഴിയും. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ആത്യന്തികമായി, നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, അവര്‍ എന്ത് പദ്ധതിയിടുന്നുവോ അത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മികച്ച താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായിരിക്കും,' ഗംഭീര്‍ പറഞ്ഞു.
ഗംഭീര്‍ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഹെഡ് കോച്ചായി നിയമിതനായതിനുശേഷം, ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തി, പക്ഷേ ടെസ്റ്റ് ക്രിക്കറ്റില്‍ തകര്‍ച്ച നേരിടുകയാണ്. ബംഗ്ലാദേശിനെതിരായ 2-0 ഹോം പരമ്പര വിജയത്തിനുശേഷം, ഇന്ത്യ തുടര്‍ച്ചയായി മൂന്നാം തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ 0-3 ന് തോറ്റു, ഇത് 12 വര്‍ഷത്തിനിടെ രാജ്യത്തിന്റെ ആദ്യ ഹോം പരമ്പര പരാജയമായിരുന്നു. ബിജിടിയിലെ തോല്‍വിയെത്തുടര്‍ന്ന് ഇന്ത്യ ഡബ്ല്യുടിസിയില്‍ നിന്ന് പുറത്തായി.
ജനുവരി അവസാനത്തോടെ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ വൈറ്റ് ബോള്‍ പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കും. അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളും ആണ് പരമ്പരയിലുളളത്. തുടര്‍ന്ന് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായി ദുബായിലേക്ക് പോകും. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് അസൈന്‍മെന്റ്.