ബുംറയെ വെല്ലുവിളിച്ച് ഇംഗ്ലണ്ട് ഓപ്പണര്‍, പരമ്പരയില്‍ ഇന്ത്യയെ തോറ്റോടിയ്ക്കും
ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ ഐപിഎല്ലിലിന് ശേഷം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ തങ്ങളുടെ ടീമിന് ഇന്ത്യയെ അനായാസം തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന് തുറന്ന് പറഞ്ഞ് ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റ്. ഇന്ത്യ ഇന്ത്യയില്‍ കളിക്കുന്നതും ഇംഗ്ലണ്ടില്‍ കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇംഗ്ലണ്ടില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നും മികച്ച പരമ്പരയായിരിക്കുമെന്നും ഡക്കറ്റ് പറഞ്ഞു.
ഈ വര്‍ഷം ജൂണില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ക്കായാണ് ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തുക. 2007-ലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടില്‍ ഒരു പരമ്പര വിജയിച്ചത്. അതിനുശേഷം 2011-ല്‍ 0-4, 2014-ല്‍ 1-3, 2018-ല്‍ 1-4 എന്നിങ്ങനെ പരാജയപ്പെടുകയും 2021-2022 കാലയളവില്‍ നടന്ന പരമ്പര 2-2 എന്ന നിലയില്‍ സമനിലയില്‍ അവസാനിക്കുകയും ചെയ്തു.
ബുംറയെ നേരിടുന്നതിനെക്കുറിച്ച് ഡക്കറ്റ്
'ഞാന്‍ മുമ്പ് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ബുംറയെ നേരിട്ടിട്ടുണ്ട്. അദ്ദേഹം എന്നോട് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയാം. അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്' ഡക്കറ്റ് പറഞ്ഞു.
'എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നും അവനില്ല. ബുംറയെ നേരിടുക എന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കും. മുഹമ്മദ് ഷമിയുടെ റെഡ്-ബോള്‍ കഴിവുകളും ബുംറയുടേതിന് സമാനമാണ്. എന്നാല്‍ ആദ്യ ഓവറുകള്‍ അതിജീവിച്ചാല്‍ റണ്‍സ് നേടാന്‍ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024-25 ശൈത്യകാലത്ത് ഇരുവരും പരസ്പരം ഏറ്റുമുട്ടിയിരുന്നു. പരമ്പരയില്‍ ഒരു മത്സരത്തില്‍ വിശ്രമിച്ച ബുംറ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് (16.89 ശരാശരിയില്‍ 19 വിക്കറ്റുകള്‍). ഇംഗ്ലണ്ട് നിരയില്‍ സാക്ക് ക്രൗളിക്ക് (407 റണ്‍സ്) ശേഷം ഡക്കറ്റാണ (343 റണ്‍സ) ഏറ്റഴും അധികം റണ്‍സ് നേടിയത്.
നാല് ടെസ്റ്റുകളില്‍ ഒരു തവണ മാത്രമാണ് ബുംറ ഡക്കറ്റിനെ പുറത്താക്കിയത്. അതും ഡക്കറ്റ് 47 റണ്‍സ് നേടിയതിന് ശേഷം. ആ പരമ്പരയില്‍ 94 പന്തുകളില്‍ 63 റണ്‍സാണ് ഡക്കറ്റ് ബുംറയ്‌ക്കെതിരെ നേടിയത്. ഇതാണ് ഡക്കറ്റിന്റെ ആത്മവിശ്വാസം.
മറ്റൊരു വശത്ത്, 2016-17 കാലയളവില്‍ ഇന്ത്യയില്‍ നടത്തിയ ആദ്യ പര്യടനത്തിലാണ് ഡക്കറ്റ് ഷമിയെ നേരിട്ടത്. മൂന്ന് ഇന്നിംഗ്സുകളില്‍ നിന്ന് 18 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. എന്നാല്‍ ഷമിക്ക് വിക്കറ്റ് നല്‍കിയിരുന്നില്ല.
പരമ്പരയിലെ ആദ്യ ടെസ്റ്റ് ജൂണ്‍ 20-ന് ഹെഡിംഗ്ലിയില്‍ ആരംഭിക്കും. അവസാന ടെസ്റ്റ് ഓഗസ്റ്റ് ആദ്യവാരത്തില്‍ അവസാനിക്കും.