സോൺ ഹ്യൂങ്-മിനെതിരെ വംശീയ പരാമർശം; ടോട്ടൻഹാം മിഡ്‌ഫീൽഡർക്ക് ഏഴ് മത്സരങ്ങളിൽ വിലക്ക്
പ്രീമിയർ ലീഗൽ മോശം ഫോം തുടരുന്നതിനിടെ ടോട്ടൻഹാം ഹോട്‌സ്പറിനെ വലച്ച് പുതിയ വിവാദം. റിപ്പോർട്ടുകൾ പ്രകാരം സ്പർസ് താരം റോഡ്രിഗോ ബെന്റാൻകൂറിന് ആഭ്യന്തര മത്സരങ്ങളിൽ, ഏഴ് മത്സരങ്ങളുടെ സസ്‌പെൻഷൻ ലഭിച്ചിരിക്കുന്നു. ടോട്ടൻഹാം സഹതാരം സോൺ ഹ്യൂങ്-മിനെക്കുറിച്ചുള്ള വംശീയ പരാമർശത്തിനാണ് 27-കാരനെതിരെ എഫ്‌എ കടുത്ത നടപടിയിലേക്ക് കടന്നത്.
ഏഴ് മത്സരങ്ങളുടെ സസ്‌പെൻഷൻ എന്നതിനർത്ഥം ഉറുഗ്വേ മിഡ്‌ഫീൽഡർ ഡിസംബർ പകുതി വരെ കളത്തിൽ നിന്ന് പുറത്താകുമെന്നാണ്. ജൂണിൽ ഒരു ഉറുഗ്വേൻ ചാനലിന് നൽകിയ അഭിമുഖത്തിൽ റിപ്പോർട്ടർ ബെന്റാൻകൂറിനോട്, "നിങ്ങൾ എനിക്ക് കൊറിയക്കാരന്റെ ഷർട്ട് എടുത്തു തരാമോ?" എന്ന് ചോദിച്ചപ്പോഴാണ് സംഭവം നടന്നത്.
ബെന്റാൻകൂർ ചോദിച്ചു, "സോണി?"
പത്രപ്രവർത്തകൻ കൂട്ടിച്ചേർത്തു, "അല്ലെങ്കിൽ മറ്റേതെങ്കിലും ചാമ്പ്യൻ."
ടോട്ടൻഹാം മിഡ്‌ഫീൽഡർ മറുപടി നൽകി, "അല്ലെങ്കിൽ സോണിയുടെ ഏതെങ്കിലും കസിൻ, അവരെല്ലാം ഒരുപോലെയാണ് കാണപ്പെടുന്നത്."
അതിനുശേഷം, ബെന്റാൻകൂർ സോണിനോട് ക്ഷമ ചോദിക്കുകയും സോഷ്യൽ മീഡിയയിൽ ഒരു പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു, "സോണി. സംഭവിച്ചതിന് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു, അത് വളരെ മോശം തമാശയായിരുന്നു."
"ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നും, ഞാൻ നിന്നെയോ മറ്റാരെയെങ്കിലുമോ ഒരിക്കലും അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യില്ലെന്ന് നിനക്കറിയാമല്ലോ! "
താരത്തിന്റെ ക്ഷമാപണം സ്വീകരിച്ചതായി പിന്നീട് സോണും വ്യക്തമാക്കി
"പ്രീ-സീസണിനായി ഞങ്ങൾ പരിശീലന ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, അദ്ദേഹത്തിന് ശരിക്കും ഖേദമുണ്ടായിരുന്നു, അദ്ദേഹം ശരിക്കും കരഞ്ഞു. അദ്ദേഹം പരസ്യമായും വ്യക്തിപരമായും എന്നോട് ക്ഷമ ചോദിച്ചു. അദ്ദേഹത്തിന് ശരിക്കും ഖേദമുണ്ടെന്ന് തോന്നി. നാമെല്ലാവരും മനുഷ്യരാണ്, നമ്മൾ തെറ്റുകൾ വരുത്തുന്നു, അതിൽ നിന്ന് പഠിക്കുന്നു. ഞാൻ റോഡ്രിഗോയെ സ്നേഹിക്കുന്നു, ഒരു സുഹൃത്ത് എന്ന നിലയിൽ, ഒരു സഹോദരൻ എന്ന നിലയിൽ മുന്നോട്ട് പോകുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.
റോമയ്ക്കും റേഞ്ചേഴ്‌സിനുമെതിരായ മത്സരങ്ങൾ വരാനിരിക്കെ സ്പർസ് യൂണിറ്റിലെ ഒരു പ്രധാന താരമായ ബെന്റാൻകൂറിന് യൂറോപ്പ ലീഗിൽ കളിക്കാൻ കഴിയും. എന്നാൽ മാഞ്ചസ്റ്റർ സിറ്റി, ഫുൾഹാം, ബോൺമൗത്ത്, ചെൽസി, സതാംപ്റ്റൺ, ലിവർപൂൾ എന്നിവയ്‌ക്കെതിരായ പ്രീമിയർ ലീഗ് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്‌ടമാകും. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ കാരബാവോ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരവും അദ്ദേഹത്തിന് നഷ്‌ടമാകും.