ഐപിഎല്‍, ഈ താരങ്ങള്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ടി വന്നേയ്ക്കും, ലെവല്‍ മാറുന്നു
ഐപിഎല്‍ മെഗാ ലേലം അടുത്തിരിക്കെ ചില യുവതാരങ്ങള്‍ക്ക് ടീമുകള്‍ കൂടുതല്‍ പണം നല്‍കേണ്ടി വന്നേക്കും. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ലേലം നടക്കുക. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്.
അഭിഷേക് ശര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് സണ്‍റൈസേഴ്‌സിന് കൂടുതല്‍ പണം ചിലവാക്കേണ്ടി വരുന്ന താരങ്ങള്‍. ജൂലൈയില്‍ സിംബാബ്വെയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച അഭിഷേക് ശര്‍മ്മയെ ഇനി അണ്‍ക്യാപ്ഡ് താരമായി കണക്കാക്കാന്‍ സാധിക്കില്ല. അണ്‍ക്യാപ്ഡ് താരത്തിന് നല്‍കുന്ന 4 കോടി രൂപയ്ക്ക് പകരം 11 കോടി രൂപയെങ്കിലും അഭിഷേകിന് നല്‍കേണ്ടിവരും.
ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള നിതീഷ് കുമാര്‍ റെഡ്ഡിയുടെ കാര്യത്തിലും സമാനമായ സ്ഥിതിയാണ്. ഇന്ത്യക്കായി കളിച്ചാല്‍ നിതീഷിനും സണ്‍റൈസേഴ്‌സ് കൂടുതല്‍ തുക നല്‍കേണ്ടി വരും.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ മായങ്ക് യാദവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹര്‍ഷിത് റാണയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുള്ള മറ്റു രണ്ട് താരങ്ങളാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ് ഇതിനകം അന്താരാഷ്ട്ര താരമായിക്കഴിഞ്ഞു.
ഐപിഎല്‍ മെഗാലേലത്തിന് മുമ്പ് ഒരു ടീമിന് പരമാവധി ആറ് താരങ്ങളെ നിലനിര്‍ത്താന്‍ കഴിയും. അതില്‍ പരമാവധി അഞ്ച് അന്താരാഷ്ട്ര താരങ്ങളും രണ്ട് ആഭ്യന്തര താരങ്ങളുമാകാം.