ചാമ്പ്യന്‍സ് ട്രോഫി തരംഗം, റെക്കോര്‍ഡ് കാഴ്ചക്കാരുമായി ഞെട്ടിച്ച് ഇന്ത്യ
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയില്‍ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്. വിവിധ രാജ്യങ്ങള്‍ പങ്കെടുത്ത ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഏറ്റവും ഉയര്‍ന്ന ടിവി റേറ്റിംഗാണ് ഈ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നേടിയത്. 2023 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിനെക്കാള്‍ 23 ശതമാനം ഉയര്‍ന്ന റേറ്റിംഗ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് ലഭിച്ചു.
സ്റ്റാര്‍ സ്‌പോര്‍ട്സില്‍ (ടിവി) 137 ബില്യണ്‍ മിനിറ്റും ജിയോഹോട്ട്സ്റ്റാറില്‍ (ഡിജിറ്റല്‍) 110 ബില്യണ്‍ മിനിറ്റും തത്സമയ സംപ്രേഷണം കണ്ടു. മാര്‍ച്ച് 9 ന് ദുബായില്‍ നടന്ന ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഫൈനല്‍ മത്സരം ടിവിയില്‍ 122 ദശലക്ഷം തത്സമയ കാഴ്ചക്കാരെയും ജിയോഹോട്ട്സ്റ്റാറില്‍ 61 ദശലക്ഷം കാഴ്ചക്കാരെയും ആകര്‍ഷിച്ചു. ക്രിക്കറ്റിലെ ഡിജിറ്റല്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ ഇത് ഒരു പുതിയ റെക്കോര്‍ഡാണ്.
ഐസിസി ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ ഒഴികെയുള്ള ഏകദിന മത്സരങ്ങളില്‍ രണ്ടാം സ്ഥാനവും ഫൈനല്‍ നേടി. 230 ദശലക്ഷം കാഴ്ചക്കാര്‍ തത്സമയ സംപ്രേഷണം കണ്ടു. ടിവിയിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലുമായി 53 ബില്യണ്‍ മിനിറ്റ് കാഴ്ച സമയം രേഖപ്പെടുത്തി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഏകദിന മത്സരങ്ങളില്‍ ഒന്നായി മാറി. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലീനിയര്‍ ടിവിയില്‍ 26 ബില്യണ്‍ മിനിറ്റിലധികം കാഴ്ച സമയം രേഖപ്പെടുത്തി. അഹമ്മദാബാദില്‍ നടന്ന ഐസിസി മെന്‍സ് ക്രിക്കറ്റ് ലോകകപ്പ് 2023 ലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തെ അപേക്ഷിച്ച് 10.8 ശതമാനം ഉയര്‍ന്ന ടെലിവിഷന്‍ റേറ്റിംഗ് ഈ മത്സരത്തിന് ലഭിച്ചു. ലോകകപ്പ് മത്സരത്തിന് 19.5 ബില്യണ്‍ ലീനിയര്‍ വ്യൂവിംഗ് മിനിറ്റാണ് ലഭിച്ചത്.
ഫെബ്രുവരി 23 ന് ദുബായില്‍ നടന്ന ഇന്ത്യ-പാക് മത്സരം 206 ദശലക്ഷം ആളുകള്‍ ലീനിയര്‍ ടിവിയില്‍ കണ്ടു.
'എട്ട് വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍സ് ട്രോഫി തിരിച്ചെത്തിയത് അത്ഭുതകരമാണ്. ഇന്ത്യയില്‍ നിന്നുള്ള കാഴ്ചക്കാരുടെ എണ്ണം, പ്രത്യേകിച്ച് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഫൈനല്‍ മത്സരം, അതിശയിപ്പിക്കുന്നതാണ്. ഇന്ത്യയില്‍ ക്രിക്കറ്റിനുള്ള ജനപ്രീതിയും വിവിധ ഭാഷകളില്‍ ഐസിസി ഇവന്റുകള്‍ കാണുന്നതിലൂടെ ആരാധകരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും ഈ കാഴ്ചക്കാരുടെ എണ്ണം വ്യക്തമാക്കുന്നു. ചാമ്പ്യന്‍സ് ട്രോഫി മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ വിജയം പ്രകടമാണ്. നിലവിലുള്ളതും പുതിയതുമായ ആരാധകരില്‍ ആവേശം സൃഷ്ടിക്കുകയും ടൂര്‍ണമെന്റിലുടനീളം ആവേശകരമായ ക്രിക്കറ്റ് നല്‍കുകയും ചെയ്തു,' ഐസിസി ചെയര്‍മാന്‍ ജയ് ഷാ പറഞ്ഞു.
'കായികരംഗത്തെ ഏറ്റവും വലിയ മള്‍ട്ടി-പ്ലാറ്റ്ഫോം ഡെസ്റ്റിനേഷന്റെയും ജിയോസ്റ്റാര്‍ 'മെഗാ-കാസ്റ്റുകളുടെ' ആരാധകര്‍ക്ക് പ്രാധാന്യം നല്‍കുന്ന കഥപറച്ചില്‍ സമീപനത്തിന്റെയും ഞങ്ങളുടെ മികച്ച സാങ്കേതിക ശേഷികളുടെയും സംയോജിത ശക്തിയുടെ ഫലമാണ് ഈ നേട്ടം. ഇന്ത്യയുടെ തോല്‍വിയില്ലാത്ത കിരീടനേട്ടം ആരാധകരുടെ അഭിനിവേശം വര്‍ദ്ധിപ്പിക്കുകയും ഫൈനല്‍ മത്സരത്തിന്റെ കാഴ്ചക്കാരുടെ എണ്ണം കൂട്ടുകയും ചെയ്തു' ജിയോ സ്റ്റാര്‍ സിഇഒ സ്പോര്‍ട്സ് സഞ്‌ജോഗ് ഗുപ്ത അവകാശപ്പെട്ടു.