വാക്ക് കൊണ്ട് മാത്രമല്ല, ബാറ്റ് കൊണ്ടും ചുട്ട മറുപടി നല്‍കി ബുംറ മാജിക്ക്
വാക്കു കൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും തന്റെ ബാറ്റിംഗ് കഴിവുകളെ ചോദ്യം ചെയ്തവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ. ഗാബ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ തന്റെ ബാറ്റിംഗ് കഴിവിനെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകന്, വാക്ക് കൊണ്ട് അവിടെ വച്ചും ബാറ്റ് കൊണ്ട് നാലാം ദിനത്തിലെ പ്രകടനത്തിലൂടെയാണ് ശക്തമായ മറുപടി നല്‍കാന്‍ ബുംറയ്ക്ക് ആയി.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലെ ഇന്ത്യന്‍ ബാറ്റിംഗിനെക്കുറിച്ചുള്ള ബുംറയോടുളള ഒരു ചോദ്യമാണ് എല്ലാത്തിന്റെയും തുടക്കം. ബുംറ ബാറ്റിംഗിനെക്കുറിച്ച് അഭിപ്രായം പറയാന്‍ അര്‍ഹനല്ലെന്ന തരത്തിലുള്ള ഒരു ചോദ്യം മാധ്യമപ്രവര്‍ത്തകന്റെ ഭാഗത്തുനിന്നുണ്ടായി.
റിപ്പോര്‍ട്ടര്‍: 'ഹായ്, ജസ്പ്രീത്. ഒന്നാം ഇന്നിംഗ്‌സില്‍ ടീമിന്റെ ബാറ്റിങ്ങിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ എന്താണ്? ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ നിങ്ങള്‍ ആളല്ല. എന്നാലും ഗാബയിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ടീമിന്റെ അവസ്ഥയെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്?'
അതിന് ബുംറ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: 'ഇതൊരു രസകരമായ ചോദ്യമാണ്. പക്ഷേ നിങ്ങള്‍ എന്റെ ബാറ്റിംഗ് കഴിവിനെ ചോദ്യം ചെയ്യുകയാണ് ചെയ്യുന്നത്. നിങ്ങള്‍ ഗൂഗിള്‍ ഉപയോഗിച്ച് ഒരു ടെസ്റ്റ് ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ആരെന്ന് നോക്കണം. അങ്ങനെ ചില കഥകളുമുണ്ട്.'
2022ല്‍ ബര്‍മിങ്ഹാം ടെസ്റ്റില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരൊറ്റ ഓവറില്‍ 34 റണ്‍സ് നേടിയ റെക്കോര്‍ഡാണ് ബുംറ ഓര്‍മ്മിപ്പിച്ചത്. ഈ മറുപടി അന്ന് ചിരിക്ക് വക നല്‍കിയെങ്കിലും, നാലാം ദിനത്തിലെ ബുംറയുടെ പ്രകടനം ഇതിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി.
നാലാം ദിനം ബുംറ തന്റെ ബാറ്റിംഗ് കൊണ്ട് വിമര്‍ശകരുടെ വായടപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളില്‍ ആകാശ് ദീപിനൊപ്പം ചേര്‍ന്ന് അവസാന വിക്കറ്റില്‍ നിര്‍ണായകമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ടീമിനെ ഫോളോ ഓണ്‍ എന്ന നാണക്കേടില്‍ നിന്ന് രക്ഷിച്ചു. 31 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 27 റണ്‍സുമയി ആകാശ ദീപും 27 പന്തില്‍ ഒരു സിക്‌സ് അടക്കം 10 റണ്‍സുമായി ജസ്പ്രിത് ഭുംറയും ബാറ്റിംഗ് തുടരുകയാണ്.
മഴകാരണം നേരത്തെ നിര്‍ത്തിയ മത്സരത്തില്‍ നാലാം ദിനം ഇന്ത്യ ഒന്‍പത് വിക്കറ്റിന് 252 റണ്‍സ് എന്ന നിലയിലാണ്. ഒരു വിക്കറ്റ് അവശേഷിക്കെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445 റണ്‍സിനൊപ്പമെത്താന്‍ ഇന്ത്യയ്ക്ക് നിലവില്‍ 193 റണ്‍സ് കൂടി വേണം. ഒന്‍പതിന് 213 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയ്ക്കായി അവസാന വിക്കറ്റില്‍ ഒത്തുകൂടി ഇതുവരെ 39 റണ്‍സ് കൂട്ടിച്ചേര്‍ത്ത ആകാശ് ദീപ് - ജസ്പ്രിത് ഭുംറ കൂട്ടുകെട്ടാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.