'ഭാഗ്യമുണ്ടെങ്കിൽ ഓസ്ട്രേലിയയിൽ അദ്ദേഹത്തെ കാണാം'; ഷമിയുടെ തിരിച്ചുവരവിനെ കുറിച്ച് ബുംറ
പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിനിടെ, മുഹമ്മദ് ഷമിയുടെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് നിർണായക സൂചന നൽകി സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ. ടീം മാനേജ്മെന്റ് അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഉറ്റുനോക്കുകയാണ് എന്നാണ് ഭുമ്രയുടെ മറുപടി.
പരിക്ക് മൂലം നീണ്ട ഒരുവർഷം കളിക്കളത്തിന് പുറത്തായിരുന്നു ഷമി കഴിഞ്ഞയാഴ്ച രഞ്ജി ട്രോഫിയിലൂടെ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരുന്നു. 2023 ലോകകപ്പിൽ സംഭവിച്ച പരിക്കിൽ നിന്ന് മുക്തി നേടിയ ഷമി അതിനുശേഷം ഇന്ത്യയുടെ ഒരു മത്സരത്തിലും കളിച്ചിരുന്നില്ല. ബോർഡർ-ഗാവസ്കർ ട്രോഫിക്കുള്ള ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും, രഞ്ജിയിൽ തിരിച്ചെത്തിയ ഷമിയെ ടീമിലേക്ക് ചേർക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
"ഷമി ഭായ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിരിക്കുന്നു, തീർച്ചയായും അദ്ദേഹം ഈ ടീമിന്റെ അവിഭാജ്യ ഘടകമാണ്. മാനേജ്മെന്റ് അദ്ദേഹത്തിന്റെ തിരിച്ചുവരവിൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. കാര്യങ്ങൾ ശരിയായി വന്നാൽ നിങ്ങൾക്ക് അദ്ദേഹത്തെ ഇവിടെയും കാണാൻ കഴിഞ്ഞേക്കും" ബുംറ പറഞ്ഞു.
ദീർഘമായ വിശ്രമ കാലയളവിനു ശേഷം, രഞ്ജി ട്രോഫിയിൽ ബംഗാളിനു വേണ്ടി കളിച്ചുകൊണ്ടാണ് ഇന്ത്യയുടെ പരിചയസമ്പന്നനായ പേസർ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. തിരിച്ചുവരവ് മത്സരത്തിൽ തന്നെ ഷമി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. അഞ്ച് മത്സരങ്ങളുടെ പരമ്പരയുടെ പകുതിയോടെ ഷമി ടീമിൽ ചേരുകയും ഇന്ത്യയുടെ പേസ് ആക്രമണത്തിന് കരുത്തു പകരുകയും ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
ഇന്ത്യ ഹാട്രിക് പരമ്പര വിജയം ലക്ഷ്യമിടുന്നു
ന്യൂസിലാൻഡിനെതിരായ ഹോം പരമ്പരയിൽ 0-3 എന്ന ഞെട്ടിക്കുന്ന തോൽവിയോടെയാണ് ടീം ഇന്ത്യ ഓസ്ട്രേലിയയിൽ എത്തിത്. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തണമെങ്കിൽ ഇന്ത്യക്ക് പരമ്പര വിജയിച്ചേ പറ്റൂ.
കഴിഞ്ഞ രണ്ട് ടെസ്റ്റ് പര്യടനങ്ങളിലും (2018/19, 2020/21) ഇന്ത്യൻ ടീം ഓസ്ട്രേലിയയ്‌ക്കെതിരെ 2-1 വിജയങ്ങൾ നേടിയിരുന്നു, കൂടാതെ 2014/15 മുതൽ ബോർഡർ-ഗാവസ്കർ ട്രോഫി ഇന്ത്യ നഷ്ടപ്പെടുത്തിയിട്ടില്ല. അന്ന് മൈക്കൽ ക്ലാർക്കിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയക്കെതിരെ നാല് മത്സരങ്ങളുടെ ഹോം പരമ്പരയിൽ 2-0 ന് ആയിരുന്നു ഇന്ത്യയുടെ വിജയം.