രോഹിത് ടീം രഹസ്യങ്ങൾ എതിർ ടീമിന് നൽകുന്നു; ബുമ്രയുടെ പരിക്കിൽ നായകനെതിരെ രൂക്ഷവിമർശനം
അഡ്‌ലെയ്ഡിൽ ഓസ്ട്രേലിയയ്‌ക്കെതിരെ 10 വിക്കറ്റിന് തോറ്റതിന് ശേഷം ഇന്ത്യൻ ക്യാമ്പിൽ നിന്നും വരുന്ന വാർത്തകൾ ഒട്ടും ആശ്വാസകരമല്ല. ഇന്ത്യയുടെ പേസ് കുന്തമുനകളായ മുഹമ്മദ് സിറാജും, ജസ്പ്രീത് ബുംറയും ചൊവ്വാഴ്ച നടന്ന പരിശീലന സെഷനിൽ നിന്ന് വിട്ടുനിന്നു. പരിക്ക് മൂലം വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി അടുത്ത മത്സരത്തിൽ തിരിച്ചെത്തുമെന്ന് ബിസിസിഐ സൂചന നൽകിയിരുന്നുവെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ അതും സാധ്യമാവില്ല എന്നാണ് റിപോർട്ടുകൾ.
ഗാബയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി അഡ്‌ലെയ്ഡ് ഓവലിലാണ് ഇന്ത്യൻ ടീം പരിശീലനം നടത്തിയത്. ഹർഷിത് റാണ ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ പരിശീലനത്തിൽ പങ്കെടുത്തു.
സിറാജും ബുംറയും പരിശീലന സെഷനിൽ നിന്ന് വിട്ടുനിന്നതായി സിഡ്‌നി മോർണിംഗ് ഹെറാൾഡ് ആണ് റിപ്പോർട്ട് ചെയ്തത്.
ടീം മാനേജ്‌മെന്റ് രണ്ട് ഫാസ്റ്റ് ബൗളർമാരുടെയും വർക്ക്‌ലോഡ് കുറയ്ക്കാൻ ശ്രമിക്കുകയാണെന്നാണ് പൊതുവെ ധാരണ. എന്നാൽ അഡ്‌ലെയ്ഡിലെ പരിശീലന സെഷന്റെ അരികിൽ, ഇന്ത്യയുടെ സ്ട്രെങ്ത്ത് ആൻഡ് കണ്ടീഷനിംഗ് പരിശീലകനോടൊപ്പം ബുംറ ഏറെ സമയം ചെലവഴിച്ചത് മറ്റു പല സംശയങ്ങളും ഉയർത്തുന്നു.
"അത് പേശിവലിവ് ആകാൻ വഴിയില്ല…"
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സിലെ 81-ാം ഓവറിൽ, ബുംറയുടെ തുടയിൽ വേദന അനുഭവപ്പെട്ടിരുന്നു. ഇന്ത്യ ഉടൻ തന്നെ വൈദ്യസഹായം തേടി. എന്നിരുന്നാലും, അദ്ദേഹം അല്പസമയത്തിനകം ബൗളിംഗിലേക്ക് മടങ്ങി. ഇന്ത്യയുടെ ബൗളിംഗ് പരിശീലകൻ മോർൺ മോർക്കൽ സംഭവത്തെ നിസ്സാരമായി തള്ളിക്കളഞ്ഞുവെങ്കിലും ആശങ്ക നിലനിന്നു. പ്രത്യേകിച്ച് രണ്ടാം ഇന്നിംഗ്‌സിൽ ബുമ്രയുടെ ബൗളിംഗ് വേഗത ഗണ്യമായി കുറഞ്ഞത് പല അഭ്യൂഹങ്ങൾക്കും ഇടയായി.
ആ ഓവർ രോഹിത് ബുംറയെ കൊണ്ട് എറിയിച്ചത് 'ആന മണ്ടത്തരം'
ഓസ്ട്രേലിയക്ക് ജയിക്കാൻ വെറും 19 റൺസ് മാത്രം മതിയായിരുന്നപ്പോൾ, രണ്ടാം ഇന്നിംഗ്‌സിൽ ബുംറയെ ബൗൾ ചെയ്യിച്ചതിന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് നേരെയും വിമർശനങ്ങൾ ഉയരുന്നു.
"അത് പേശിവലിവ് ആകാൻ വഴിയില്ല. ആദ്യ ഇന്നിംഗ്‌സിലെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം പൂർണമായും ഫിറ്റായിരുന്നില്ല. അദ്ദേഹം എന്തിനാണ് ആ ഓവർ [രണ്ടാം ഇന്നിംഗ്‌സിൽ] എറിഞ്ഞതെന്ന് എനിക്കറിയില്ല. 'ബുംറ പൂർണമായും ഫിറ്റല്ല' എന്ന സന്ദേശം എതിർക്യാമ്പിൽ എത്തിക്കുന്നത് പോലെയായി രോഹിതിന്റെ തീരുമാനം" - ഫ്ലെമിംഗ് കൂട്ടിച്ചേർത്തു
മുഹമ്മദ് ശമി ഇല്ലാത്തതിനാൽ, ദൈർഘ്യമേറിയ ഓസ്ട്രേലിയൻ പര്യടനവും, പരിചയസമ്പന്നരല്ലാത്ത യുവതാരങ്ങളുടെ ഫോമും കണക്കിലെടുക്കുമ്പോൾ, ബുംറയുടെ ഫിറ്റ്നസ് ഇന്ത്യയുടെ പ്രധാന തലവേദനയായി മാറിയേക്കാം. ബുംറ ഗാബ ടെസ്റ്റിൽ കളിച്ചില്ലെങ്കിൽ, ഇന്ത്യ ആകാശ് ദീപിനെ പകരക്കാരനായി തിരഞ്ഞെടുക്കാനാണ് സാധ്യത. നാല് വർഷം മുമ്പ് ടീമിന്റെ ചരിത്ര വിജയത്തിന് നേതൃത്വം നൽകിയ സിറാജിന് ഒരിക്കൽ കൂടി മാജിക് ആവർത്തിക്കാനാവുമോ എന്ന് കണ്ടറിയണം.