എല്ലാം തീരുമാനിക്കപ്പെട്ടു കഴിഞ്ഞു; ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലെയിംഗ് ഇലവനെ കുറിച്ച് ബുംറ പറഞ്ഞത് ഇങ്ങനെ
പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന ജസ്പ്രീത് ബുംറയുടെ പത്രസമ്മേളനത്തിലായിരുന്നു ഇന്നത്തെ ദിവസം എല്ലാവരുടെയും കണ്ണുകൾ. ഇന്ത്യയുടെ ടീം സാധ്യതകളെ കുറിച്ച് ഭുമ്ര എന്തെങ്കിലും പറയുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്.
കൈവിരലിന് പരിക്കേറ്റു ആദ്യ മത്സരത്തിൽ ശുഭ്മാൻ ഗിൽ പുറത്തായതോടെ, ഇന്ത്യയുടെ പ്ലെയിംഗ് ഇലവൻ കോമ്പിനേഷൻ എങ്ങനെയായിരിക്കും എന്നതായിരുന്നു ഏവരുടെയും ആകാംക്ഷ. എന്നാൽ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവൻ തീരുമാനിക്കപ്പെട്ടുവെന്ന് പറഞ്ഞ, സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ വെള്ളിയാഴ്ച രാവിലെ ടോസിന് മുമ്പ് കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു.
"ഞങ്ങൾ ഞങ്ങളുടെ പ്ലെയിംഗ് ഇലവൻ ഫൈനൽ ചെയ്തു കഴിഞ്ഞു, മത്സരം ആരംഭിക്കുന്നതിന് മുമ്പ് നാളെ രാവിലെ നിങ്ങൾക്ക് അത് അറിയാൻ കഴിയും," ക്യാപ്റ്റൻ പറഞ്ഞു. ഇന്ത്യയുടെ ഹോം വൈറ്റ്‌വാഷിനെക്കുറിച്ചുള്ള ചോദ്യങ്ങളിലും തികഞ്ഞ ശാന്തതയോടെയാണ് ഭുമ്ര പ്രതികരിച്ചത്.
Advertisement
"നാട്ടിൽ നിങ്ങൾ വിജയിച്ചുവന്നാലും, പരാജയപ്പെട്ടു വന്നാലും പുതിയ സീരീസിൽ എല്ലാം ആദ്യം മുതലാണ് തുടങ്ങുന്നത്. ഞങ്ങൾ ഇന്ത്യയിൽ നിന്ന് ഒരു ഭാരവും ഇങ്ങോട്ട് കൊണ്ടുവരുന്നില്ല. ന്യൂസിലാൻഡ് പരമ്പരയിൽ നിന്ന് ഞങ്ങൾ പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്, പക്ഷേ അവ വ്യത്യസ്ത സാഹചര്യങ്ങളായിരുന്നു, ഇവിടെ ഞങ്ങളുടെ ഇതുവരെയുള്ള ഫലങ്ങൾ വ്യത്യസ്തമാണ്" ഭുമ്ര പറഞ്ഞു.
ഓസ്‌ട്രേലിയയ്ക്ക് എതിരായ ഇന്ത്യൻ സ്‌ക്വാഡ് ഇങ്ങനെ
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), സർഫറാസ് ഖാൻ, വിരാട് കോഹ്‌ലി, പ്രസിദ്ധ് കൃഷ്ണ, രവിചന്ദ്രൻ അശ്വിൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ.എൽ രാഹുൽ, ഹർഷിത് റാണ, അഭിമന്യു ഈശ്വരൻ, ശുഭ്മാൻ ഗിൽ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ.
ഇന്ത്യക്കെതിരായ ഓസ്‌ട്രേലിയൻ സ്‌ക്വാഡ് ഇങ്ങനെ
പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സ്കോട്ട് ബോളണ്ട്, അലക്സ് കാരി (വിക്കറ്റ് കീപ്പർ), ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, നഥാൻ ലിയോൺ, മിച്ചൽ മാർഷ്, നഥാൻ മക്സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്.