ചരിത്രം രചിച്ച് ബുംറ, ഓസീസ് മണ്ണില്‍ അവിശ്വസനീയ റെക്കോര്‍ഡ്
ഇന്ത്യയുടെ പേസ് സ്പിയര്‍ഹെഡ് ജസ്പ്രീത് ബുംറ ഓസ്‌ട്രേലിയന്‍ മണ്ണില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ടു. ഗാബ ടെസ്റ്റിലെ മിന്നും പ്രകടനത്തിലൂടെ ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോര്‍ഡ് ബുംറ സ്വന്തമാക്കി.
മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയതോടെയാണ് ബുമ്ര ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഓസീസ് മണ്ണില്‍ ബുമ്രയുടെ വിക്കറ്റ് നേട്ടം 52 ആയി. ഇന്ത്യയുടെ ഇതിഹാസ താരം കപില്‍ ദേവിനെയാണ് ബുംറ മറികടന്നത്. കപിലിന് ഓസ്‌ട്രേലിയയില്‍ 51 വിക്കറ്റുകളാണുള്ളത്.
17.21 എന്ന മികച്ച ശരാശരിയിലാണ് ബുമ്ര ഈ നേട്ടം സ്വന്തമാക്കിയത്. കപിലിന്റെ ശരാശരി 24.58 ആണ്. അനില്‍ കുംബ്ലെ (49), രവിചന്ദ്രന്‍ അശ്വിന്‍ (40), ബിഷന്‍ സിംഗ് ബേദി (35) എന്നിവരാണ് ഈ പട്ടികയില്‍ തൊട്ടുപിന്നില്‍.
മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 6 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഉസ്മാന്‍ ഖവാജയെയും മാര്‍നസ് ലബുഷെയ്ന്‍, പാറ്റ് കമ്മിന്‍സ് എന്നിവരെ പുറത്താക്കിയ ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ പ്രധാന പങ്കുവഹിച്ചു.