കരിയർ ബെസ്റ്റ് റേറ്റിംഗ്; ലോക ഒന്നാം നമ്പർ സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ നായകൻ
ഇന്ത്യൻ പേസ് കുന്തമുന ജസ്പ്രീത് ബുംറ പുരുഷ ടെസ്റ്റ് ബൗളർമാർക്കുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) റാങ്കിംഗിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ബോർഡർ-ഗാവസ്കർ ട്രോഫിക്ക് മുന്നോടിയായി റബാഡ, ജോഷ് ഹേസൽവുഡ് എന്നിവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു ബുംറ. പെർത്തിൽ ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ ബുംറ വീണ്ടും ഒന്നാം സ്ഥാനം നേടി.
ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയെ മറികടന്നാണ് ബുംറ ഒന്നാമതെത്തിയത്. റബാഡ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പെർത്ത് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേടിയെങ്കിലും ജോഷ് ഹേസൽവുഡ് ഒരു സ്ഥാനം താഴേക്ക് പോയി മൂന്നാം സ്ഥാനത്തെത്തി. പെർത്ത് ടെസ്റ്റിലെ മോശം പ്രകടനത്തെ തുടർന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി ആദ്യ അഞ്ചിൽ നിന്നും പുറത്തായി. നിലവിൽ ആറാം സ്ഥാനത്താണ് ഓസീസ് നായകൻ.
ഫെബ്രുവരിയിൽ ടെസ്റ്റ് ക്രിക്കറ്റിനുള്ള ഐസിസി ബൗളിംഗ് ചാർട്ടിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ ഫാസ്റ്റ് ബൗളറായി ബുംറ മാറിയിരുന്നു. ബംഗ്ലാദേശിനെതിരായ ഹോം പരമ്പരയിൽ ബൗളിംഗ് ചാർട്ടിൽ ഒന്നാമതെത്തിയ ശേഷം ഒക്ടോബറിൽ ബുംറ വീണ്ടും ഒന്നാം സ്ഥാനം നേടി. ഇത്തവണ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗോടെയാണ് (883) ബുമ്രയുടെ കുതിപ്പ്.
പെർത്തിൽ, ബുംറ അജയ്യനായിരുന്നു. രോഹിത് ശർമ്മയുടെ അഭാവത്തിൽ ടീമിനെ നയിച്ച ബുംറ തന്റെ ഏറ്റവും മികച്ച ഫോമിലാണ് പന്തെറിഞ്ഞത്. ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് ഉൾപ്പെടെ എട്ട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ നായകൻ ഓസ്ട്രേലിയയെ തകർത്തു. ടോസ് നേടിയ അദ്ദേഹം ബാറ്റിംഗ് തിരഞ്ഞെടുത്തു, പക്ഷേ ഇന്ത്യൻ ബാറ്റ്‌സ്മാൻമാർക്ക് ക്യാപ്റ്റന്റെ തീരുമാനത്തെ പിന്തുണയ്ക്കാൻ കഴിഞ്ഞില്ല. 150 റൺസിന് പുറത്തായ ശേഷം, ഒന്നാം ദിനം വൈകുന്നേരം ഒരു അത്ഭുതകരമായ സ്പെല്ലിലൂടെ ബുംറ തിരിച്ചുവന്നു. ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടം ഓസ്ട്രേലിയയെ 104 റൺസിൽ ഒതുക്കി.
രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്‌സ്വാളിന്റെ 161ഉം വിരാട് കോഹ്ലിയുടെ 100ഉം കെഎൽ രാഹുലിന്റെ 77ഉം ഇന്ത്യയെ 487/6 എന്ന വമ്പൻ സ്കോറിലെത്തിച്ചു. പെർത്തിലെ പിച്ചിൽ ബുംറ രണ്ടാം ഇന്നിംഗ്‌സിലും അജയ്യനായിരുന്നു. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ 12/3 എന്ന നിലയിലായത് ബുമ്രയുടെ മികവിലാണ്. ഒടുവിൽ ഇന്ത്യ 295 റൺസിന് ടെസ്റ്റ് വിജയിക്കുകയും ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ആദ്യ ലീഡ് നേടുകയും ചെയ്തു.
ഐസിസി ടെസ്റ്റ് റാങ്കിംഗ് ബൗളർമാർ (നവംബർ 27, 2024 പ്രകാരം)
- ജസ്പ്രീത് ബുംറ (ഇന്ത്യ): 883 ( 2)
- കാഗിസോ റബാഡ (ദക്ഷിണാഫ്രിക്ക): 872 (-1)
- ജോഷ് ഹേസൽവുഡ് (ഓസ്ട്രേലിയ): 860 (-1)
- രവിചന്ദ്രൻ അശ്വിൻ (ഇന്ത്യ): 807 ( 1)
- പ്രഭാത് ജയസൂര്യ (ശ്രീലങ്ക): 801 ( 2)
- പാറ്റ് കമ്മിൻസ് (ഓസ്ട്രേലിയ): 796 (-2)
- രവീന്ദ്ര ജഡേജ (ഇന്ത്യ): 794 (-1)
- നഥാൻ ലിയോൺ (ഓസ്ട്രേലിയ): 782 (-1)
- നോമാൻ അലി (പാകിസ്ഥാൻ): 759 (മാറ്റമില്ല)
- മാറ്റ് ഹെൻറി (ന്യൂസിലൻഡ്): 750 (മാറ്റമില്ല)
ആദ്യ ടെസ്റ്റ് കളിക്കാതിരുന്നിട്ടും ആർ അശ്വിൻ ഒരു സ്ഥാനം മുന്നേറി നാലാമതെത്തി. പെർത്തിലെ പേസ് സമ്പന്നമായ പിച്ചിനായി ഇന്ത്യ അവരുടെ പ്രധാന സ്പിന്നർമാരായ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഒഴിവാക്കി വാഷിംഗ്ടൺ സുന്ദറിനെ തിരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം, ഫോമിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് സിറാജ് മൂന്ന് സ്ഥാനങ്ങൾ മുന്നേറി 25-ാം സ്ഥാനത്തെത്തി. ബുമ്രയ്ക്ക് മികച്ച പിന്തുണയാണ് സിറാജ് നൽകുന്നത്. പരമ്പരയുടെ ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സിറാജ് പ്രതീക്ഷ നൽകുന്നു.