ചരിത്രമെഴുതി ബുംറ, അവിശ്വസനീയ റെക്കോര്‍ഡ്, ഇനി ഇതിഹാസങ്ങള്‍ക്കൊപ്പം
മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. മെല്‍ബണ്‍ ടെസ്റ്റിനിടെ 200 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ ബുംറ, ഈ നേട്ടം കൈവരിക്കുന്ന ബൗളര്‍മാരില്‍ ഏറ്റവും മികച്ച ശരാശരി സ്വന്തമാക്കി. 19.56 എന്ന ശരാശരിയുമായാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്.
മത്സരത്തിന്റെ നാലാം ദിനത്തില്‍ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം ട്രാവിസ് ഹെഡിനെ പുറത്താക്കിയാണ് ബുംറ തന്റെ 200-ാം വിക്കറ്റ് ആഘോഷിച്ചത്. 44 മത്സരങ്ങളില്‍ നിന്നാണ് ബുംറ ഈ നേട്ടം കൈവരിച്ചത്.
മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ജോയല്‍ ഗാര്‍ണറുടെ (20.34) റെക്കോര്‍ഡാണ് ബുംറ മറികടന്നത്. മാല്‍ക്കം മാര്‍ഷല്‍ (20.94), ഗാര്‍ണര്‍ (20.97), കര്‍ട്ട്‌ലി ആംബ്രോസ് (20.99) എന്നീ ഇതിഹാസ വെസ്റ്റ് ഇന്‍ഡീസ് ത്രയങ്ങളുടെ ശരാശരിയേക്കാള്‍ മികച്ചതാണ് ബുംറയുടേത്.
8,484 പന്തുകള്‍ എറിഞ്ഞാണ് ബുംറ ഈ നേട്ടം കൈവരിച്ചത്. പന്തുകള്‍ എറിഞ്ഞതിന്റെ കാര്യത്തില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോര്‍ഡും ബുംറ സ്വന്തമാക്കി. ലോക ക്രിക്കറ്റില്‍ ഈ വിഭാഗത്തില്‍ ബുംറ നാലാമതാണ്. വഖാര്‍ യൂനിസ്, ഡെയ്ല്‍ സ്റ്റെയ്ന്‍, കാഗിസോ റബാഡ എന്നിവരാണ് ബുംറയ്ക്ക് മുന്നില്‍.
200 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ രവീന്ദ്ര ജഡേജയുടെ നേട്ടത്തിനൊപ്പമാണ് ബുംറ എത്തിയത്. ഇന്ത്യയ്ക്കായി ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ചത് രവിചന്ദ്രന്‍ അശ്വിന്‍ ആണ് (38 മത്സരങ്ങള്‍)