'നൂറ്റാണ്ടിന്റെ പന്ത്'; ഇന്ത്യയുടെ 'തലവേദന' നീക്കിയ ഭുമ്രയുടെ പന്തിനെ വാനോളം പ്രശംസിച്ച് മുൻ താരം.
പെർത്തിൽ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ട്രാവിസ് ഹെഡിനെ പുറത്താക്കിയ ജസ്പ്രീത് ബുംറയുടെ പന്തിനെ പ്രശംസിച്ചു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ. ബുംറയുടെ ഈ പന്ത് "അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതാണ്" എന്ന് മഞ്ജരേക്കർ ജിയോ സിനിമയ്ക്ക് വേണ്ടി പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി ബുംറ എപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് അതിശയകരമാണ് എന്നായിരുന്നു മഞ്ജരേക്കർ പറഞ്ഞത്.
"ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ജിന്നിനെ പോലെയാണ് ബുംറ. നിങ്ങൾ എന്ത് ആഗ്രഹം പറഞ്ഞാലും നിറവേറ്റി തരാൻ ഇറങ്ങിപ്പുറപ്പെടുന്ന ജിന്ന്. ഇത്തരമൊരു പിച്ചിൽ ഇത്തരമൊരു പന്ത് എറിയുക എന്നത് അവിശ്വസനീയമാണ്. ഒരു സെറ്റ് ബാറ്റ്സ്മാൻ പ്രതിരോധത്തിലായിരിക്കുമ്പോൾ പുറത്താകുക, ഏറെക്കുറെ അസാധ്യമായതാണ് ഭുമ്ര അനായാസം സാധ്യമാക്കുന്നത്. ട്രാവിസ് ഹെഡ് സെറ്റ് ബാറ്റ്സ്മാനായിരുന്നു, പന്താണെങ്കിൽ പഴകുകയും ചെയ്തു. പിച്ച് ബാറ്റിംഗിന് കൂടുതൽ അനുകൂലമായി വരുന്ന സാഹചര്യത്തിലാണ് അത്തരമൊരു മാജിക് ബോൾ.” മഞ്ജരേക്കർ പറയുന്നു.
Advertisement
ട്രാവിസ് ഹെഡ് 89 റൺസെടുത്ത് മിച്ചൽ മാർഷുമായി ചേർന്ന് മികച്ച പാർട്ണർഷിപ്പ് സ്ഥാപിക്കുകയായിരുന്നു. ഇന്ത്യ തീർത്ത ഹിമാലയൻ ലീഡിന് മുൻപിൽ, മത്സരഫലത്തിൽ ഈ പാർട്ണർഷിപ്പ് ഇന്ത്യയ്ക്ക് വലിയ ഭീഷണിയൊന്നുമായിരുന്നില്ല. എങ്കിലും, മുൻകാലങ്ങളിൽ ഇന്ത്യയ്ക്ക് വലിയ 'തലവേദന' സൃഷ്ടിച്ചിട്ടുള്ള ഓസീസ് ബാറ്റ്സ്മാനെ പുറത്താക്കാൻ ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.
കൂറ്റൻ ലീഡ് നേടി ഡിക്ലയർ ചെയ്ത് ഓസ്സീസിനോട് ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ശേഷം, മൂന്നാം ദിവസം വൈകുന്നേരം തന്നെ ബുംറ നഥാൻ മക്സ്വീനിയെയും മാർനസ് ലബുഷെയ്‌നെയും പുറത്താക്കിയിരുന്നു. ഡിക്ലറേഷന് ശേഷമുള്ള അദ്ദേഹത്തിന്റെ വിനാശകരമായ സ്പെൽ മത്സരഫലം മൂന്നാം ദിനം തന്നെ ഉറപ്പിച്ചു.. നാലാം ദിനത്തിൽ ബാക്കിയുള്ള ചടങ്ങുകൾ തീർത്ത് വിജയത്തിലേക്ക് മാർച്ച് ചെയ്യുക എന്നതായിരുന്നു ഇന്ത്യയുടെ ദൗത്യം.
"ബുംറയ്ക്ക് മികച്ച സമയമാണിത്. അത് അവിശ്വസനീയമായ ഒരു പന്തായിരുന്നു. ഓസ്ട്രേലിയ വിജയിക്കില്ലായിരുന്നുവെന്ന് എനിക്കറിയാം, പക്ഷേ ആ പാർട്ണർഷിപ്പ് ഇന്ത്യയുടെ ക്ഷമ ശരിക്കും പരീക്ഷിക്കുന്നതായിരുന്നു. അദ്ദേഹം ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് കൊണ്ടുവന്നു" മഞ്ജരേക്കർ പറഞ്ഞു.
പെർത്തിലെ ടീമിന്റെ പ്രകടനത്തിൽ ഇന്ത്യൻ ടീമും, ആരാധകരും ഒരുപോലെ സന്തുഷ്ടരാണ്. ഡിസംബർ 6 ന് അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന ഡേ-നൈറ്റ് പിങ്ക് ടെസ്റ്റിനായി രോഹിത് ശർമ്മയും, ശുഭ്മാൻ ഗില്ലും തിരിച്ചെത്തുന്നതോടെ, ബോർഡർ-ഗവാസ്കർ ട്രോഫിയിൽ മറ്റൊരു ശക്തമായ പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.