ബുംറ വിചിത്ര നീക്കങ്ങള്‍ നടത്തുന്നയാള്‍, താളം കണ്ടെത്താന്‍ പ്രയാസം, തുറന്നടിച്ച് സ്മിത്ത്
താന്‍ നേരിട്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തനായ ബൗളര്‍ ജസ്പ്രീത് ബുംറയാണെന്ന് തുറന്ന് പറഞ്ഞ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത്. ബുംറയുടെ റണ്ണപ്പും ആക്ഷനും ഒക്കെ വളരെ വിചിത്രമാണെന്നും അദ്ദേഹത്തിനെതിരെ ബാറ്റ് ചെയ്യുമ്പോള്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും സ്മിത്ത് വിലയിരുത്തുന്നു.
'ബുംറയ്‌ക്കെതിരെ മൂന്ന് ഫോര്‍മാറ്റിലും കൂടെ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്, മത്സരത്തില്‍ അയാളുടെ കുറച്ച് പന്തുകളെങ്കിലും നേരിടാതെ ക്രീസില്‍ പിടിച്ചുനില്‍ക്കുക സാധ്യമല്ല, അസാധ്യമായ രീതിയില്‍ പന്തിനെ സ്വിങ് ചെയ്യിപ്പിക്കാന്‍ അയാള്‍ക്ക് കഴിയും' സ്മിത്ത് പറഞ്ഞു.
'ബാറ്ററുമായി അടുത്ത് നില്‍ക്കുന്ന പോയിന്റിലാണ് അയാള്‍ പന്ത് റിലീസ് ചെയ്യുക. പന്തിനെ ധൃതിയില്‍ കളിക്കാന്‍ ഇതിലൂടെ അയാള്‍ നമ്മെ നിര്‍ബന്ധിക്കും, എന്നാല്‍ വേണ്ട വിധത്തില്‍ ആ പന്തിനെ അവന്‍ പിച്ച് ചെയ്യിപ്പിക്കുകയും ചെയ്യും' സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ സ്മിത്തിനെ ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുരുക്കി പൂജ്യനാക്കി മടക്കിയത് ബുംറയായിരുന്നു. പെര്‍ത്തില്‍ ബുംറയുടെ മാസ്മരിക ബൗളിങ് പ്രകടനത്തിലായിരുന്നു ഇന്ത്യ 295 റണ്‍സിന്റെ മിന്നും ജയം നേടിയത്. രണ്ട് ഇന്നിങ്സിലുമായി താരം എട്ട് വിക്കറ്റാണ് നേടിയത്. വിട്ടുകൊടുത്തതാവട്ടെ ഇരു ഇന്നിങ്സിലുമായി 70 റണ്‍സ് മാത്രം. ബുംറയുടെ റണ്‍സ് എക്കോണമിയും രണ്ട് റണ്‍സിന് താഴെയായിരുന്നു.
ഡിസംബര്‍ ആറ് മുതലാണ് അഡ്ലൈഡില്‍ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ ടെസ്റ്റ് നഷ്ടമായ നായകന്‍ രോഹിത് ശര്‍മ്മ ടീമിനൊപ്പം ചേര്‍ന്നു കഴിഞ്ഞു. പരിക്കില്‍ നിന്ന് മുക്തനായ ശുഭ്മന്‍ ഗില്ലും രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യതയുണ്ട്. ഹാസില്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടിനെ ഓസ്‌ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തി.