ഹാര്‍ദിക്ക് പാണ്ഡ്യയുടെ 'ഡോട്ട് ബോള്‍' നയം, പൊട്ടിത്തെറിച്ച് സൂപ്പര്‍ താരങ്ങള്‍
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്ക് പാണ്ഡ്യയുടെ 'ഡോട്ട് ബോള്‍' ബാറ്റിങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരങ്ങളായ പാര്‍ത്ഥിവ് പട്ടേലും കെവിന്‍ പീറ്റേഴ്‌സണും രംഗത്ത്. ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ പരാജയത്തിന് കാരണമായത് ഹാര്‍ദിക് പാണ്ഡ്യയുടെ മന്ദഗതിയിലുള്ള ബാറ്റിങ്ങാണെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ഇംഗ്ലണ്ട് മുന്‍ താരവും ഒരേ സ്വരത്തില്‍ പറയുന്നത്.
തിലക് വര്‍മ പുറത്തായതിന് ശേഷം ഹാര്‍ദിക്കും സുന്ദറിനും അക്‌സര്‍ പട്ടേലിനും റണ്‍ നിരക്ക് ഉയര്‍ത്താന്‍ കഴിയാതെ പോയതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
ഒമ്പത് മുതല്‍ പതിനാറാം ഓവര്‍ വരെയുള്ള ഏഴ് ഓവറില്‍ വെറും 40 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. ഈ സമയത്ത് ക്രീസില്‍ ഉണ്ടായിരുന്ന ഹാര്‍ദിക്കും സുന്ദറിനും സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. 35 പന്തില്‍ 40 റണ്‍സെടുത്ത ഹാര്‍ദിക്കിന്റെ ഇന്നിങ്സില്‍ ധാരാളം ഡോട്ട് ബോളുകള്‍ ഉണ്ടായിരുന്നുവെന്നും ഈ ഡോട്ട് ബോളുകളാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്നും പാര്‍ത്ഥിവ് പറഞ്ഞു. ടി20യില്‍ ബാറ്റിങ് സെറ്റ് ചെയ്യാന്‍ 20-25 പന്തുകള്‍ എടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ധ്രുവ് ജുറലിനെ എട്ടാം നമ്പറില്‍ ഇറക്കിയതിനെ പീറ്റേഴ്സണ്‍ വിമര്‍ശിച്ചു. ധ്രുവ് ഒരു മികച്ച ബാറ്ററാണെന്നും ഇടത്തും വലത്തും കോമ്പിനേഷനായി അദ്ദേഹത്തെ എട്ടാമനായി ഇറക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൂന്നാം ടി20യില്‍ ഇംഗ്ലണ്ട് 26 റണ്‍സിന് ജയിച്ചതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് ഇന്ത്യ മുന്നിലാണ്. ബെന്‍ ഡക്കറ്റിന്റെയും ലിവിങ്സ്റ്റണിന്റെയും മികച്ച ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് വീഴ്ത്തിയെങ്കിലും മറ്റ് ബൗളര്‍മാര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല.