ഷമി ടീമിലെത്താത്തത് രോഹിതിന്റെ പക കാരണം? ഇരുവരും രൂക്ഷമായ തർക്കമുണ്ടായെന്നും വെളിപ്പെടുത്തൽ
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും, പേസർ മുഹമ്മദ് ഷമിയും തമ്മിൽ ബന്ധം വഷളായതാണ് ഷമിയുടെ ടീമിലേക്കുള്ള മടങ്ങിവരവ് വൈകാൻ കാരണമെന്ന് റിപ്പോർട്ടുകൾ. ബെംഗളൂരുവിൽ വച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും ദൈനിക് ജാഗ്രൺ റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് മാസമായി എപ്പോൾ വേണമെങ്കിലും ഷമി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബംഗാളിനു വേണ്ടിയാണ് അദ്ദേഹം നിലവിൽ പന്തെറിയുന്നത്. ഈ വർഷമാദ്യം കണങ്കാലിന് ശസ്ത്രക്രിയ നടത്തിയ ഷമിക്ക്, ഐപിഎല്ലും ടി20 ലോകകപ്പും നഷ്ടമായിരുന്നു. 2023 ലോകകപ്പിന് ശേഷം കഴിഞ്ഞ നവംബർ 13നാണ് അദ്ദേഹം ക്രിക്കറ്റ് മൈതാനത്തേക്ക് തിരികെയെത്തിയത്. രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ ഷമി, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം തുടരുന്നു.
ഓസ്ട്രേലിയയോട് 10 വിക്കറ്റിന് തോറ്റതിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ, മുഹമ്മദ് ഷമിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞത് ഇങ്ങനെയായിരുന്നു..
"അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾ 100 ശതമാനത്തിലധികം ഉറപ്പുണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിൻറെ ആരോഗ്യം ആ മേഖലയിലുള്ള ചില പ്രൊഫഷണലുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അവർക്ക് എന്താണ് തോന്നുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ഒരു തീരുമാനമെടുക്കും. ഓരോ കളിയും അവർ അദ്ദേഹത്തെ നിരീക്ഷിക്കുന്നു. നാല് ഓവറുകൾ എറിഞ്ഞതിന് ശേഷം, 20 ഓവറുകൾ ഫീൽഡിൽ നിന്നതിന് ശേഷം എങ്ങനെയാണ് അദ്ദേഹത്തിൻറെ ആരോഗ്യാവസ്ഥ എന്ന് അവരാണ് തീരുമാനം പറയേണ്ടത്. എന്നാൽ എപ്പോൾ വേണമെങ്കിലും വന്ന് കളിക്കാൻ അദ്ദേഹത്തിനായി ടീമിന്റെ വാതിൽ തുറന്നിട്ടുണ്ട്."
എന്നിരുന്നാലും രോഹിതിനും ഷമിക്കും ഇടയിൽ എല്ലാം ശരിയല്ലെന്നാണ് ദൈനിക് ജാഗ്രണിലെ ഒരു റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ മാസം ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയുടെ മധ്യത്തിലായിരുന്നപ്പോൾ, ശമി പൂർണമായും ഫിറ്റാണെന്ന വിശ്വാസത്തിന് വിരുദ്ധമായി, അദ്ദേഹത്തിന്റെ കാൽമുട്ടിൽ നീരുണ്ടെന്ന് രോഹിത് വെളിപ്പെടുത്തിയിരുന്നു.
തനിക്ക് പുതിയ പരിക്ക് പറ്റിയെന്ന മാധ്യമ റിപ്പോർട്ടുകൾ ഷമി രൂക്ഷമായ ഭാഷയിൽ നിരസിക്കുകയും, താൻ ഫിറ്റാണെന്ന് ആവർത്തിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു രോഹിതിന്റെ വെളിപ്പെടുത്തൽ. തുടർന്ന്, ന്യൂസിലൻഡ് ഇന്ത്യയെ ആദ്യ ടെസ്റ്റിൽ തോൽപ്പിച്ചതിന് ശേഷം, രോഹിതും ഷമിയും കണ്ടുമുട്ടിയെന്നും ഇരുവരും തമ്മിൽ ചെറിയതോതിൽ വാക്കുതർക്കം ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
ഷമിയും രോഹിതും തമ്മിലുള്ള വാഗ്വാദം
"ഷമി എൻസിഎയിൽ ആയിരുന്നപ്പോൾ, ബെംഗളൂരുവിൽ നടന്ന ഒന്നാം ടെസ്റ്റിനിടെ അദ്ദേഹം രോഹിതിനെ കണ്ടുമുട്ടി. അവരുടെ കൂടിക്കാഴ്ചയ്ക്കിടെ, ഷമിയുടെ നിലവിലെ സ്ഥിതിയെക്കുറിച്ചും, ന്യൂസിലൻഡ്, ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകൾക്കുള്ള ലഭ്യതയെക്കുറിച്ചും ചോദിച്ചപ്പോൾ ക്യാപ്റ്റൻ നടത്തിയ പരാമർശത്തെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി" ദൈനിക് ജാഗരൺ ഉദ്ദരിച്ചയാൾ പറയുന്നതിങ്ങനെയാണ്.
മുഹമ്മദ് ഷമിയെ ഇനി കാത്തരിക്കുന്നത് എന്താണ്?
ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ രോഹിത് ഷമിയെ ആഗ്രഹിക്കുന്നില്ലേ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഷമിയുടെ ബോർഡർ-ഗാവസ്‌കർ ട്രോഫി കിറ്റും ഓസ്ട്രേലിയ വിസയും തയ്യാറാണ് എന്ന് ബിസിസിഐ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു, പക്ഷേ എൻസിഎയിൽ നിന്നുള്ള അന്തിമ അനുമതിക്കായി ബിസിസിഐയും, ഷമിയും കാത്തിരിക്കുകയാണ്.
ടീമിനൊപ്പം ചേർന്നാലും ബ്രിസ്ബേൻ ടെസ്റ്റിൽ ഷമി പന്തെറിയാൻ സാധ്യതയില്ല. തുടർന്ന് ഗാബയ്ക്കും, മെൽബണിനും ഇടയിൽ ഒരാഴ്ചത്തെ ഇടവേളയുള്ളതിനാൽ, ബോക്സിംഗ് ഡേ ടെസ്റ്റിലാണ് ഷമിക്ക് ഒരു വർഷത്തിലേറെയായി ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിക്കാൻ യഥാർത്ഥ അവസരമുള്ളത്.