For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഐപിഎൽ മെഗാലേലത്തിന് തൊട്ടുമുൻപ് മാറ്റ് തെളിയിച്ച് ചഹൽ; വെടിക്കെട്ട് സെഞ്ചുറികളുമായി അയ്യരും തിലകും, മുഷ്‌താഖ്‌ അലി ട്രോഫി ആദ്യ ദിനം സംഭവബഹുലം

05:56 PM Nov 23, 2024 IST | Fahad Abdul Khader
UpdateAt: 06:01 PM Nov 23, 2024 IST
ഐപിഎൽ മെഗാലേലത്തിന് തൊട്ടുമുൻപ് മാറ്റ് തെളിയിച്ച് ചഹൽ  വെടിക്കെട്ട് സെഞ്ചുറികളുമായി അയ്യരും തിലകും  മുഷ്‌താഖ്‌ അലി ട്രോഫി ആദ്യ ദിനം സംഭവബഹുലം

ഐപിഎൽ 2025 മെഗാ ലേലത്തിന് ഒരു ദിവസം മുമ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ താരങ്ങളായ യൂസവേന്ദ്ര ചഹാലും, തിലക് വർമ്മയും, ശ്രേയസ് അയ്യരും. മുംബൈയിൽ മണിപ്പൂരിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ യുസ്‌വേന്ദ്ര ചഹൽ 4 വിക്കറ്റ് വീഴ്ത്തി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. മോശം രഞ്ജി ട്രോഫി പ്രകടനങ്ങൾക്ക് ശേഷം പരിചയസമ്പന്നനായ ഇന്ത്യൻ സ്പിന്നർ ഐപിഎൽ ലേലത്തിന് തൊട്ട് മുൻപ് തന്റെ മാറ്റ് തെളിയിക്കുന്ന പ്രകടനം നടത്തിയത് ടീമുടമകൾക്ക് വലിയ സൂചനയാണ്.

19.1 ഓവറിൽ മണിപ്പൂരിനെ വെറും 86 റൺസിന് പുറത്താക്കാൻ ചഹലിന്റെ സ്പെൽ ഹരിയാനയെ സഹായിച്ചു. ടി20 ഫോർമാറ്റിൽ ആധിപത്യം സ്ഥാപിക്കാനുള്ള തന്റെ കഴിവ് അദ്ദേഹം വീണ്ടും പ്രകടമാക്കി. ഐ‌പി‌എല്ലിൽ ഇതുവരെ 160 മത്സരങ്ങളിൽ നിന്ന് 205 വിക്കറ്റുകൾ വീഴ്ത്തിയ ചഹൽ, ഏതുടീമിനും മുതൽക്കൂട്ടാവാൻ ഇനിയും തനിക്ക് ബാല്യമുണ്ടെന്ന് തെളിയിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

Advertisement

ഈ വർഷമാദ്യം കൗണ്ടി ക്രിക്കറ്റിൽ നോർത്താം‌പ്റ്റൺ‌ഷെയറിനു വേണ്ടി കളിച്ച അദ്ദേഹം രണ്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെടെ, അവസാന രണ്ട് മത്സരങ്ങളിൽ 18 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. എന്നാൽ സമീപകാല രഞ്ജി ട്രോഫി മത്സരങ്ങളിൽ ഉത്തർപ്രദേശിനും മധ്യപ്രദേശിനുമെതിരെ വിക്കറ്റൊന്നും നേടാൻ താരത്തിനായില്ല. സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളിൽ പ്രകടനം നടത്താൻ കഴിയുന്ന പരിചയസമ്പന്നരായ ബൗളർമാരെ ഐപിഎൽ ടീമുകൾ തിരയുമ്പോൾ, ഈ പ്രകടനം ലേലത്തിൽ അദ്ദേഹത്തിന്റെ മൂല്യം വർദ്ധിപ്പിക്കും.

ഐപിഎൽ 2025 മെഗാ ലേലം കടുത്ത മത്സരമാകുമെന്നാണ് പ്രതീക്ഷ. പല ടീമുകളും പരിചയസമ്പന്നരായ താരങ്ങളുടെയും പുതിയ പ്രതിഭകളുടെയും ഒരു സമന്വയമാണ് ലക്ഷ്യമിടുന്നത്.

Advertisement

ശ്രേയസ് അയ്യർ, തിലക് വർമ്മ എന്നിവരും തകർപ്പൻ സെഞ്ചുറികളുമായി തിളങ്ങി

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ത്യൻ ബാറ്റർമാരായ ശ്രേയസ് അയ്യരും തിലക് വർമ്മയും തകർപ്പൻ സെഞ്ചുറികൾ നേടി. ഗോവയ്‌ക്കെതിരെ മുംബൈക്കുവേണ്ടി 57 പന്തിൽ നിന്ന് പുറത്താകാതെ 130 റൺസാണ് (11x4, 10x6) അയ്യർ നേടിയത്.

മേഘാലയയ്‌ക്കെതിരെ ഹൈദരാബാദ് ക്യാപ്റ്റൻ തിലക് വർമ്മ തന്റെ തുടർച്ചയായ മൂന്നാമത്തെ ടി20 സെഞ്ച്വറി നേടി. 67 പന്തിൽ നിന്ന് 14 ഫോറുകളും 10 സിക്സറുകളും അടക്കം 151 റൺസാണ് തിലക് നേടിയത്. ടി20യിൽ 150+ സ്കോർ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരമായും ഇതോടെ തിലക് മാറി.

Advertisement

സഞ്ജു സാംസൺ ക്രീസിലേക്ക്

സർവീസസിനെതിരായ മത്സരത്തിൽ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ ഉടൻ ക്രീസിലെത്തും. സർവീസസിന് എതിരായ മത്സരത്തിൽ ടോസ് നേടിയ കേരളം ബൗളിംഗ് തെരഞ്ഞെടുത്തിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ സർവീസസ് 18.5 ഓവറിൽ 145/8 എന്ന നിലയിലാണ്.

Advertisement