ധോണിയെ സ്ലെഡ്ജ ചെയ്ത് ചാഹര്‍, തലയുടെ മറുപടിയിങ്ങനെ
ഐപിഎല്ലിലെ എല്‍ക്ലാസിക്കോ എന്നറിയപ്പെടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ആവേശകരമായാണ് അവസാനിച്ചത്. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ സിഎസ്‌കെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ മുംബൈയെ തുരത്തി.
മത്സരത്തില്‍ എം.എസ്. ധോണിയും ദീപക് ചാഹറും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദം കളിക്കളത്തില്‍ രസകരമായ നിമിഷങ്ങള്‍ക്ക് വഴിയൊരുക്കി. ഐപിഎല്ലില്‍ നിലവില്‍ വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയാണ് ഇരുവരും കളിക്കുന്നതെങ്കിലും, ചാഹറിനെ ഒരു മികച്ച സീം ബൗളറാക്കുന്നതില്‍ ധോണി വഹിച്ച പങ്ക് വളരെ വലുതാണ്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിച്ച ചാഹര്‍, ഇന്ത്യന്‍ ടീമില്‍ വരെ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു.
കളിക്കളത്തിലെ രസകരമായ നിമിഷങ്ങള്‍
മത്സരം അവസാന ഘട്ടത്തിത്തില്‍ ധോണി ബാറ്റിംഗിനായി ക്രീസില്‍ എത്തിയപ്പോള്‍ ചാഹര്‍ രസകരമായ രീതിയില്‍ ധോണിയെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചു. ഷോര്‍ട്ട് സില്ലി പോയിന്റില്‍ ഫീല്‍ഡ് ചെയ്യുമെന്ന് ആംഗ്യം കാണിച്ച ചാഹര്‍, ധോണി ബാറ്റ് ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ ഉച്ചത്തില്‍ കൈയ്യടിച്ചു.
ഇതിന് മറുപടി മത്സരം അവസാനിച്ച ശേഷം ധോണി നല്‍കി. മത്സരം ചെന്നൈ സൂപ്പര്‍ കിംഗ്സ് നാല് വിക്കറ്റിന് വിജയിച്ചതിന് ശേഷം, കളിക്കാര്‍ തമ്മിലുള്ള സൗഹൃദ ഹസ്തദാനത്തിനിടെ ധോണി തന്റെ ബാറ്റ് കൊണ്ട് ചാഹറിനെ അടിക്കാന്‍ ശ്രമിക്കുന്ന രീതിയില്‍ ആംഗ്യം കാണിക്കുകയായിരുന്നു. ചഹര്‍ ഇതുകണ്ട് ഓടിക്കളയുകയും ചെയ്തു.
മത്സരത്തില്‍ ധോണി രണ്ട് പന്തുകള്‍ മാത്രമാണ് നേരിട്ടത്, എന്നാല്‍ റണ്ണൊന്നും നേടാനായില്ല. എന്നിരുന്നാലും, വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ധോണി തന്റെ മികച്ച പ്രകടനം കാഴ്ചവെച്ചു, എല്ലാവരെയും അത്ഭുതപ്പെടുത്തി ഒരു മിന്നല്‍ സ്റ്റമ്പിംഗ് നടത്തി.
മുംബൈയുടെ തോല്‍വി
ഐപിഎല്ലിലെ 13-ാമത്തെ തുടര്‍ച്ചയായ സീസണ്‍ ഓപ്പണിംഗ് മത്സരമാണ് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടത്. 2012-ലാണ് മുംബൈ അവസാനമായി ഒരു സീസണിലെ ആദ്യ മത്സരം വിജയിച്ചത്. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവ് ടീമിനെ നയിച്ചെങ്കിലും, ഫലത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല.