ഫുട്ബോൾ ലോകം കാത്തിരിക്കുന്ന പോരാട്ടം ഇന്ന്, ആരു നേടും ചാമ്പ്യൻസ് ലീഗ് കിരീടം
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും തമ്മിലുള്ള ആവേശകരമായ പോരാട്ടം ഇന്ന്. ക്ളബിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ മാഞ്ചസ്റ്റർ സിറ്റി ഇറങ്ങുമ്പോൾ 2010നു ശേഷം ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ഉയർത്തുകയാണ് ഇന്റർ മിലാന്റെ ലക്‌ഷ്യം. 2010നു ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് നേടുന്ന ഇറ്റാലിയൻ ക്ലബ് ആവുകയെന്ന ലക്ഷ്യവും ഇന്റർ മിലാന്റെ മുന്നിലുണ്ട്.
രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് മുൻതൂക്കമുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗും എഫ്എ കപ്പും സ്വന്തമാക്കിയാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി ഇറങ്ങുന്നത്. ആഴ്‌സനലിനെ മറികടന്ന് പ്രീമിയർ ലീഗ് നേടിയ അവർ അതിനു ശേഷം ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും കീഴടക്കിയിരുന്നു.
മാഞ്ചസ്റ്റർ സിറ്റിക്ക് മുൻതൂക്കമുണ്ടെങ്കിലും ഇന്റർ മിലാനെ എഴുതിത്തള്ളാൻ ആർക്കും കഴിയുകയില്ല. ഈ സീസണിൽ ഇറ്റാലിയൻ സൂപ്പർകപ്പും കോപ്പ ഇറ്റാലിയ കിരീടവും അവർ നേടിയിട്ടുണ്ട്. സീസണിന്റെ രണ്ടാം പകുതിയിൽ അതിഗംഭീര പ്രകടനം നടത്തിയ അവർ മികച്ച കുതിപ്പിലാണ്. ടീമിലെ താരങ്ങൾക്കെല്ലാം വലിയ ആത്മവിശ്വാസമുണ്ടെന്നത് മാഞ്ചസ്റ്റർ സിറ്റിക്ക് ഫൈനലിൽ വിയർക്കേണ്ടി വരുമെന്ന സൂചന തന്നെയാണ് നൽകുന്നത്.
രണ്ടു ടീമുകളുടെയും സ്‌ട്രൈക്കർമാരാണ് ടീമുകളെ മുന്നോട്ടു നയിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി എർലിങ് ഹാലാൻഡ് റെക്കോർഡുകൾ തകർത്തെറിയുന്ന പ്രകടനം നടത്തുമ്പോൾ ലോകകപ്പിന് ശേഷം ലൗടാരോ മാർട്ടിനസ് മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ടീമുകളുടെ ടോപ് സ്കോറര്മാരായ ഈ താരങ്ങൾ ഏതു നിമിഷവും തങ്ങളുടെ മികവ് പുറത്തെടുക്കാൻ കഴിയുന്ന അപകടകാരികളായതിനാൽ മത്സരഫലം പ്രവചിക്കാൻ കഴിയില്ല.