മെസിയല്ലാതെ മറ്റാര്, ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോൾ അർജന്റീന താരത്തിന്റേത്
യൂറോപ്പിൽ നിന്നും അമേരിക്കൻ ലീഗിലേക്ക് ചേക്കേറാനുള്ള തീരുമാനമെടുത്തെങ്കിലും ഇപ്പോഴും യൂറോപ്യൻ ഫുട്ബോളിലെ അവാർഡുകൾ ലയണൽ മെസിയെത്തേടി എത്തുകയാണ്. കഴിഞ്ഞ ദിവസം ലീഗ് വണ്ണിലെ ഏറ്റവും മികച്ച വിദേശതാരത്തിനുള്ള പുരസ്‌കാരം മെസിയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ലീഗ് കിരീടം സ്വന്തമാക്കാൻ മെസി നിർണായക പങ്കു വഹിച്ചിരുന്നു.
ഇപ്പോൾ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോളെന്ന നേട്ടം കൂടി മെസിയെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ബെൻഫിക്കക്കെതിരെ നേടിയ ഗോളാണ് മെസിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ബെൻഫിക്കയുടെ മൈതാനത്ത് നടന്ന മത്സരത്തിലാണ് മെസിയുടെ ഗോൾ പിറന്നത്.
ലയണൽ മെസി ഗോൾ നേടിയത് അതിമനോഹരമായിരുന്നു എന്നതിനൊപ്പം ഒരു ടീം ഗോൾ കൂടിയായിരുന്നു അത്. മെസിയുടെ അവിശ്വനീയമായ ഫിനിഷിങ് അതിനെ കൂടുതൽ മികച്ചതാക്കി. നെയ്‌മറാണ് ഗോളിന് വഴിയൊരുക്കിയത്. മെസിയുടെ ഗോളിൽ മുന്നിലെത്തിയ പിഎസ്‌ജി പിന്നീട് സെൽഫ് ഗോൾ വഴങ്ങി സമനില വഴങ്ങുകയായിരുന്നു.
ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ബെൻഫിക്കക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു പിഎസ്‌ജി. അതുകൊണ്ടു തന്നെ പ്രീ ക്വാർട്ടറിൽ കരുത്തരായ ബയേൺ മ്യൂണിക്കിനെ നേരിട്ട് അവർക്ക് പുറത്താകേണ്ടി വന്നു. തുടർച്ചയായ രണ്ടാമത്തെ സീസണിലാണ് പിഎസ്‌ജി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പുറത്തായത്.
അതേസമയം ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനമാണ് മെസി നടത്തിയതെന്നതിൽ സംശയമില്ല. ഏഴു മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം നാല് ഗോളുകൾ നേടുകയും നാലെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്‌തു. ഫ്രഞ്ച് ലീഗിൽ പതിനാറു ഗോളുകളും പതിനാറു അസിസ്റ്റുകളുമാണ് മെസി സ്വന്തമാക്കിയത്.