ഇതാ ആ പ്രതികാരം വീട്ടിയിരിക്കുന്നു, ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ ഫൈനലില്‍
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പ്രവേശിച്ച് ടീം ഇന്ത്യ. വിരാട് കോലിയുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തില്‍ ലോക ചാമ്പ്യന്മാരായ ഓസീസിനെ നാല് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഓസീസ് ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തുകള്‍ ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു.
2023 ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ഇന്ത്യയുടെ മധുര പ്രതികാരം കൂടിയായി ഈ വിജയം. ഓപ്പണര്‍മാര്‍ വേഗത്തില്‍ പുറത്തായതോടെ ഇന്ത്യ പ്രതിസന്ധിയിലായി. എന്നാല്‍ വിരാട് കോലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. കോലിയും അക്‌സര്‍ പട്ടേലും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചു.
കോലി 83 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും വിജയത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 264 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അലക്‌സ് ക്യാരിയും അര്‍ധസെഞ്ച്വറികള്‍ നേടി. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഓസീസിനെ തളര്‍ത്തി. മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇന്ത്യന്‍ ഇന്നിംഗ്സില്‍ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും കോലിയുടെയും കൂട്ടരുടെയും കരുത്തുറ്റ ബാറ്റിംഗ് പ്രകടനത്തിലൂടെ വിജയം സ്വന്തമാക്കി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക മത്സരവിജയികളെ ഇന്ത്യ നേരിടും. ദുബായിലാണ് ഫൈനല്‍ മത്സരം.