പിസിബിയുടെ ആവശ്യം അംഗീകരിച്ച് ബിസിസിഐ; ചാമ്പ്യൻസ് ട്രോഫിയിൽ തീരുമാനമായി
2025 ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്താൻ ഐസിസി തീരുമാനിച്ചു. ഇതോടെ ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും ദുബായിലായിരിക്കും കളിക്കുക. ഇന്ത്യ യോഗ്യത നേടുകയാണെങ്കിൽ സെമിഫൈനൽ , ഫൈനൽ അടക്കമുള്ള പ്രധാന മത്സരങ്ങളും ദുബായിൽ നടക്കും. പകരമായി 2027 വരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകളിലും ഹൈബ്രിഡ് മോഡൽ പിന്തുടരണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) ആവശ്യം ബിസിസിഐ അംഗീകരിച്ചു.
ഐസിസി ചെയർമാന്റെ നേതൃത്വത്തിൽ
ഐസിസിയുടെ പുതിയ ചെയർമാൻ ജയ് ഷാ, പാകിസ്ഥാൻ ഉൾപ്പെടെയുള്ള ബോർഡ് അംഗങ്ങളുമായി ദുബായിലെ ആസ്ഥാനത്ത് വ്യാഴാഴ്ച നടത്തിയ അനൗപചാരിക യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തത്. രണ്ട് ബോർഡുകളും തങ്ങളുടെ തീരുമാനങ്ങളിൽ ഉറച്ചുനിന്നതോടെ പലതവണ യോഗം മാറ്റിവക്കേണ്ടി വന്നിരുന്നു . തീരുമാനം അനന്തമായി നീളുന്നത് ടൂർണമെന്റിന്റെ നടത്തിപ്പിനെ തന്നെ ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു ക്രിക്കറ്റ് പ്രേമികൾ.
എല്ലാവർക്കും ഗുണകരം
"2025 ചാമ്പ്യൻസ് ട്രോഫി യുഎഇയിലും പാകിസ്ഥാനിലുമായി നടക്കുമെന്നും, ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കുമെന്നും എല്ലാ കക്ഷികളും തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്. ഇത് എല്ലാ പങ്കാളികൾക്കും ഗുണകരമായ സാഹചര്യമാണ്." ഐസിസി വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
പിസിബിയുടെ ആവശ്യം
കഴിഞ്ഞയാഴ്ച, മാസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനും, ബഹിഷ്കരണ ഭീഷണി പിൻവലിച്ചതിനും ശേഷം, പിസിബി ഒടുവിൽ ചാമ്പ്യൻസ് ട്രോഫിക്ക് ഹൈബ്രിഡ് മോഡൽ എന്ന ആശയത്തിന് ഉപാധികളോടെ സമ്മതം മൂളിയിരുന്നു .
"ക്രിക്കറ്റ് വിജയിക്കണം, അതാണ് ഏറ്റവും പ്രധാനം. എല്ലാവരോടും ബഹുമാനം മാത്രം. ക്രിക്കറ്റിന് ഏറ്റവും നല്ലത് ഞങ്ങൾ ചെയ്യാൻ പോകുന്നു. ഞങ്ങൾ ഏത് ഫോർമുല പിന്തുടർന്നാലും അത് തുല്യ നിബന്ധനകളിലായിരിക്കും," പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി മൊഹ്‌സിൻ നഖ്‌വി അവസാന ഐസിസി യോഗത്തിന് ശേഷം പറഞ്ഞിരുന്നു.
ഇതിന് പകരമായി, 2031 വരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകളിലും ഹൈബ്രിഡ് മോഡൽ പിന്തുടരണമെന്ന് പിസിബി ആവശ്യപ്പെട്ടു. എന്നാൽ നീണ്ട വിലപേശലുകൾക്ക് ശേഷം, 2027 വരെയുള്ള എല്ലാ ഐസിസി ടൂർണമെന്റുകളിലും ഹൈബ്രിഡ് മോഡൽ പിന്തുടരാൻ ഐസിസി സമ്മതിച്ചു.
ഇന്ത്യയിൽ നടക്കുന്ന ടൂർണമെന്റുകൾ
ഈ കാലയളവിൽ ഇന്ത്യ രണ്ട് ഐസിസി ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കും. 2026ൽ ശ്രീലങ്കയ്‌ക്കൊപ്പം ടി20 ലോകകപ്പിന് ഇന്ത്യ സഹ-ആതിഥേയത്വം വഹിക്കും. ടൂർണമെന്റിൽ പാകിസ്ഥാൻ തങ്ങളുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലായിരിക്കും കളിക്കുക. ഇതോടെ ടി20 ലോകകപ്പിൽ ഇന്ത്യ - പാകിസ്ഥാൻ ഫൈനൽ വന്നാൽ ഇന്ത്യ മത്സരത്തിനായി ശ്രീലങ്കയിൽ പോവേണ്ടി വരും. 2025ൽ വനിതാ ലോകകപ്പിനും ഇന്ത്യ ആതിഥേയത്വം വഹിക്കും. അതിനാൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമും പാകിസ്താനുമായുള്ള മത്സരങ്ങൾ വന്നാൽ എല്ലാ മത്സരങ്ങൾക്കും നിഷ്പക്ഷ രാജ്യത്തേക്ക് പോകേണ്ടിവരും.
നഷ്ട പരിഹാരം പരിഗണനയിൽ
"2026 പുരുഷ ടി20 ലോകകപ്പിൽ പാകിസ്ഥാൻ ശ്രീലങ്കയിലാണ് മത്സരങ്ങൾ കളിക്കുക. ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിന് പിസിബി ആവശ്യപ്പെട്ട നഷ്ടപരിഹാരം ഇപ്പോഴും പരിഗണനയിലാണ്." ഐസിസി വൃത്തങ്ങൾ പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും
ഐസിസി ടൂർണമെന്റിനായുള്ള ഹൈബ്രിഡ് മോഡലിനെ ചൊല്ലിയുള്ള അനിശ്ചിതത്വം ചാമ്പ്യൻസ് ട്രോഫിയുടെ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിൽ കാര്യമായ കാലതാമസമുണ്ടാക്കി. ഐസിസിയും ബ്രോഡ്കാസ്റ്റർമാരും തമ്മിലുള്ള കരാർ പ്രകാരം ഷെഡ്യൂൾ കുറഞ്ഞത് 90 ദിവസം മുമ്പെങ്കിലും പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ ആ സമയപരിധി ഇതിനകം ലംഘിക്കപ്പെട്ടു. എന്നിരുന്നാലും, കാര്യങ്ങൾ ഇപ്പോൾ തീരുമാനമായതിനാൽ, ചാമ്പ്യൻസ് ട്രോഫി ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ആരാധകർക്കും ബ്രോഡ്കാസ്റ്റർമാർക്കും പ്രതീക്ഷിക്കാം.
ചർച്ചകൾ ശനിയാഴ്ച
'ഹൈബ്രിഡ് മോഡലിന്റെ' പ്രവർത്തന രീതികളും സാധ്യമായ ഷെഡ്യൂളും ചർച്ച ചെയ്യാൻ ചാനലിന്റെ പ്രതിനിധികൾ ദുബായിൽ ഉണ്ടായിരുന്നു. എന്നാൽ ആ യോഗം ശനിയാഴ്ചത്തേക്ക് മാറ്റിയതായി ഐസിസി അറിയിച്ചു.