പന്ത് പുറത്തേയ്ക്ക്, സഞ്ജുവിന്റെ സര്‍പ്രൈസ് എന്‍ട്രി വരുമോ?
ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി തിങ്കളാഴ്ച ഇന്ത്യന്‍ ടീം രണ്ട് സെഷനുകളിലായി പരിശീലനം നടത്തി. പരിശീലനത്തില്‍ഫിനിഷറുടെ റോളിനായി തയ്യാറെടുക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ തന്റെ വലിയ ഹിറ്റിംഗ് കഴിവുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സാധാരണയായി സാങ്കേതിക തികവിന് പേരുകേട്ട രാഹുല്‍, ആക്രമണാത്മക ഷോട്ടുകള്‍ കളിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഗിയര്‍ മാറ്റുന്നതായി കാണപ്പെട്ടു.
രാഹുലിന് പകരക്കാരനായി ഋഷഭ് പന്ത് പ്ലേയിംഗ് ഇലവനില്‍ അവസരം കാത്തിരിക്കുന്നതിനാല്‍ രാഹുല്‍ പവര്‍-ഹിറ്റിംഗ് കഴിവ് തേച്ചുമിനുക്കുന്നതായി അനുഭവപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ 29 പന്തില്‍ 40 റണ്‍സ് നേടിയ രാഹുല്‍, ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. പരിശീലനത്തില്‍ അനായാസമായി സിക്‌സ് നേടാനും രാഹുലിനായി. അഞ്ച് അല്ലെങ്കില്‍ ആറാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ ഒരുങ്ങുന്ന രാഹുലിന്റെ പങ്ക് അവസാന ഓവറുകളില്‍ നിര്‍ണായകമാകും.
അടുത്തിടെ നടന്ന പരമ്പരകളില്‍ ആക്രമണാത്മക ബാറ്റിംഗ് കാഴ്ചവെച്ച ശ്രേയസ് അയ്യരും തന്റെ പവര്‍ ഗെയിമിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ 87, 60, 112 എന്നിങ്ങനെ മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മനോഹരമായ ഡ്രൈവുകളും പുളുകളും ഉള്‍പ്പെടെയുള്ള മികച്ച ഷോട്ടുകളുമായി മികച്ച ഫോമില്‍ കാണപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 119 റണ്‍സുമായി ഫോമില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഷാര്‍പ്പായി കാണപ്പെട്ടു. രോഹിത്ത് ലേറ്റ് കട്ടുകളും അതിലോലമായ ടച്ച് ഷോട്ടുകളും പരിശീലിച്ചു.
മൂന്നാം ഏകദിനത്തില്‍ 52 റണ്‍സ് നേടിയ ശേഷം ഫോം വീണ്ടെടുക്കുന്നതിന്റെ സൂചന നല്‍കിയ ഇന്ത്യയുടെ ബാറ്റിംഗ് നെടുംതൂണ്‍ വിരാട് കോഹ്ലിയും തന്റെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സമയം കണ്ടെത്തി. പന്ത് നന്നായി മിഡില്‍ ചെയ്യുന്നതായും, ലേറ്റ് ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കുന്നതായും കണ്ടു.
അതിനിടെ, ഞായറാഴ്ചത്തെ പരിശീലനത്തിനിടെ ഹാര്‍ദിക് പാണ്ഡ്യയുടെ ഷോട്ട് കാല്‍മുട്ടില്‍ കൊണ്ട ഋഷഭ് പന്ത് പരിക്കേറ്റ് വീണു. തുടര്‍ന്ന് വിക്കറ്റ് കീപ്പിംഗും ഫീല്‍ഡിംഗ് പരിശീലനവും ഒഴിവാക്കിയ അദ്ദേഹം, ബാറ്റ് ചെയ്യാന്‍ വന്നപ്പോഴും പരിക്ക് കൊണ്ട് വലയുന്നതായി തോന്നു. പരിശീലനത്തില്‍ നിരവധി പന്തുകള്‍ മിസ് ചെയ്യുകയും എഡ്ജ് ചെയ്യുകയും ചെയ്തു. ഇത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്്ക സൃഷ്ടിച്ചിട്ടുണ്ട്.
പന്ത് പരിക്കേറ്റ് പിന്മാറേണ്ടി വന്നാല്‍ പകരക്കാരന്‍ ആരാകും എന്ന കാര്യത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. പരിക്കേറ്റതിനാല്‍ സഞ്ജു സാംസണിനേയും ജയ്‌സ്വാളിനേയും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കില്ല്. ശിവം ദുബെ, തിലക് വര്‍മ്മ, റിയാന്‍ പരാഗ് എന്നിവരാണ് പന്തിന് പകരക്കാരാകാന്‍ മത്സരിക്കുന്നത്.
മൂന്ന് ടീമുകള്‍ തമ്മിലുള്ള ഡയറക്ട്-ഹിറ്റ് മത്സരത്തോടെയാണ് പരിശീലന സെഷന്‍ ആരംഭിച്ചത്. രോഹിത് നയിച്ച മൂന്നാം ടീമില്‍ ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ, ശ്രേയസ് എന്നിവര്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്റെ നിര്‍ണായകമായ ത്രോയില്‍ അവര്‍ വിജയികളായി. ഗില്‍, മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഒന്നാം ടീമിലും, കുല്‍ദീപ് യാദവ്, രാഹുല്‍, ഹര്‍ഷിത് റാണ, കോഹ്ലി എന്നിവര്‍ രണ്ടാം ടീമിലുമായിരുന്നു.