ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍: ലോകം മുഴുവന്‍ ഇന്ത്യയ്‌ക്കെതിരെ
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരം പന്തുരുളുന്നതിന് മുന്‍പേ വിവാദങ്ങള്‍ക്ക് പഞ്ഞമില്ല. ഇന്ത്യ തങ്ങളുടെ പാണാധിപത്യം ടൂര്‍ണമെന്റിന് മേല്‍ കാട്ടി എന്ന ആരോപണമാണ് ഉയരുന്നത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളും ഇന്ത്യക്ക് പുറത്തുള്ള നിരവധി ക്രിക്കറ്റ് ആരാധകരും നിലവില്‍ ഫൈനലില്‍ ന്യൂസിലന്‍ഡിനെയാണ് പിന്തുണയ്ക്കുന്നത്. ഇന്ത്യയ്‌ക്കൊഴികെ ഏഴ് ടീമുകള്‍ക്കും നേരിടേണ്ടി വന്ന നീതികേടാണ് ഇതിന് കാരണം. ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും, ഫൈനല്‍ ഉള്‍പ്പെടെ, ദുബായില്‍ കളിക്കുന്നു എന്നതാണ് പ്രധാന ആരോപണം.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചു. എന്നാല്‍ സ്ഥിരമായ സാഹചര്യങ്ങളില്‍ കളിക്കുന്നതിലൂടെ ടീം നേട്ടമുണ്ടാക്കിയെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. അവരുടെ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍ യുഎഇയിലേക്ക് യാത്ര ചെയ്യേണ്ടി വന്നത് അസന്തുലിതാവസ്ഥ സൃഷ്ടിച്ചു. ഇത് ന്യൂസിലന്‍ഡിന് വ്യാപകമായ പിന്തുണ ലഭിക്കാന്‍ കാരണമായി.
വിമര്‍ശനങ്ങളുമായി മുന്‍ താരങ്ങള്‍
'ഇതൊരു നേട്ടമാണ്. ടൂര്‍ണമെന്റിലെ മികച്ച ടീമിന് ആ നേട്ടമുണ്ട്. പാകിസ്ഥാന്‍ ആതിഥേയ രാജ്യം, ഇന്ത്യക്ക് ഹോം അഡ്വാന്റേജ്' എന്ന് പറയുന്ന ഒരു ട്വീറ്റ് ഞാന്‍ കണ്ടു. അത് കാര്യങ്ങള്‍ ശരിയായി വ്യക്തമാക്കുന്നു' മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും സ്‌കൈ സ്‌പോര്‍ട്‌സ് വിദഗ്ദനുമായ നാസര്‍ ഹുസൈന്‍ പറഞ്ഞു:
സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റതിന് ശേഷം ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ പറഞ്ഞതിപ്രകാരമാണ്.
'ദുബായിലേക്ക് ഒരു മണിക്കൂറും 40 മിനിറ്റും മാത്രം വിമാനയാത്രയുണ്ട്. പക്ഷേ, അത് ചെയ്യേണ്ടി വന്നത് അനുയോജ്യമല്ല. രാവിലെയാണ് യാത്ര, മത്സരത്തിന് ശേഷമാണ്. ഞങ്ങള്‍ വൈകുന്നേരം 4:00 മണിക്ക് ദുബായില്‍ എത്തി, രാവിലെ 7:30-ന് തിരികെ വരേണ്ടി വന്നു. അത് സുഖകരമല്ല.'
ശനിയാഴ്ച കറാച്ചിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന് ശേഷം, ദക്ഷിണാഫ്രിക്കയുടെ സെമി ഫൈനല്‍ ഇന്ത്യക്കെതിരെയാണെങ്കില്‍ അവര്‍ക്ക് ദുബായിലേക്ക് പറക്കേണ്ടി വന്നു.
'ഒരേ സ്ഥലത്ത്, ഒരേ ഹോട്ടലില്‍ താമസിച്ച്, ഒരേ സൗകര്യങ്ങളില്‍ പരിശീലനം നടത്തി, ഒരേ സ്റ്റേഡിയത്തില്‍, ഒരേ പിച്ചുകളില്‍ എല്ലാ മത്സരങ്ങളും കളിക്കാന്‍ കഴിയുന്നത് തീര്‍ച്ചയായും ഒരു നേട്ടമാണ്' മില്ലറിന്റെ സഹതാരം റാസ്സി വാന്‍ ഡെര്‍ ഡസ്സന്‍ പറഞ്ഞു.
മുന്‍ ഇംഗ്ലണ്ട് പരിശീലകന്‍ ഡേവിഡ് 'ബംബിള്‍' ലോയ്ഡ് രൂക്ഷമായി പ്രതികരിച്ചു. 'ഇത് ശരിക്കും ലജ്ജാകരമാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നാണിത്, കളിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പരിഹാസ്യമാണ്. ടീമുകള്‍ ഇവിടെയും അവിടെയും പറക്കുന്നു, അടുത്തതായി എവിടെ കളിക്കുമെന്ന് ഉറപ്പില്ല. ഇത് വെറും വിഡ്ഢിത്തമാണ്. ഇതൊരു ലോക പരിപാടിയാണ്, അത് ശരിയായി സംഘടിപ്പിക്കണം,' മുന്‍ സ്‌കൈ സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ പറഞ്ഞു.
ഇന്ത്യന്‍ ഇതിഹാസങ്ങളുടെ പ്രതികരണം
മുന്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ എല്ലാ വിമര്‍ശകരെയും തന്റെ യുക്തി ഉപയോഗിച്ച് നിശബ്ദരാക്കി. 'ഗുണനിലവാരം, വരുമാനം, കഴിവ്, അതിലുപരി വരുമാനം ഉണ്ടാക്കുന്നതില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ എവിടെ നില്‍ക്കുന്നു എന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. അവരുടെ ശമ്പളം പോലും ലോക ക്രിക്കറ്റിലേക്ക് ഇന്ത്യ നല്‍കുന്ന സംഭാവനയില്‍ നിന്നാണ് വരുന്നതെന്ന് അവര്‍ മനസ്സിലാക്കണം' ഗവാസ്‌ക്കര്‍ പറഞ്ഞു.
ഗൗതം ഗംഭീറും ഇന്ത്യയ്ക്ക് ലഭിച്ച നേട്ടത്തെക്കുറിച്ചുള്ള വാദം നിഷേധിച്ചു, 'എന്ത് അനാവശ്യ നേട്ടം? ചില ആളുകള്‍ സ്ഥിരമായി പരാതി പറയുന്നവരാണ്'
മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ 'വേദി നേട്ടം' പ്രചരിപ്പിക്കുന്നവരെ വിമര്‍ശിച്ചു. 'ഞങ്ങളുടെ ക്യാപ്റ്റനോടും പരിശീലകരോടും 'ഹോം അഡ്വാന്റേജ്' എന്നതിനെക്കുറിച്ച് വാര്‍ത്ത സമ്മേളനത്തില്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ എനിക്ക് ചിരിക്കാനേ കഴിയൂ. 2009 ചാമ്പ്യന്‍സ് ട്രോഫിയില്‍, ദക്ഷിണാഫ്രിക്ക അവരുടെ എല്ലാ മത്സരങ്ങളും ഒരേ വേദിയിലാണ് കളിച്ചത്, അവര്‍ ഫൈനലിന് യോഗ്യത നേടിയില്ല. അവര്‍ യോഗ്യത നേടാത്തത് ദക്ഷിണാഫ്രിക്കയുടെ തെറ്റല്ല. ഇന്ത്യ മികച്ച ക്രിക്കറ്റ് കളിച്ച് മികച്ച പ്രകടനങ്ങളിലൂടെ ഫൈനലില്‍ എത്തിയെന്ന് നമുക്ക് അംഗീകരിക്കാം. ഇന്ത്യ അവസാനമായി ദുബായില്‍ കളിച്ചത് കോവിഡിന്റെ സമയത്താണ്. അതിനുശേഷം ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവര്‍ ദുബായില്‍ കളിച്ചു,' രവിചന്ദ്രന്‍ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
എന്നിരുന്നാലും, ഈ വിവാദങ്ങള്‍ക്കിടയില്‍ വിമര്‍ശകര്‍ക്ക് ആയുധം നല്‍കാന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ പ്രതികരണം സഹായിച്ചു.
'ഇത് ഞങ്ങളെ തീര്‍ച്ചയായും സഹായിക്കുന്നുണ്ട്. പിച്ചിന്റെ സാഹചര്യങ്ങളും സ്വഭാവവും ഞങ്ങള്‍ക്ക് അറിയാം. ഒരേ വേദിയില്‍ എല്ലാ മത്സരങ്ങളും കളിക്കുന്നത് തീര്‍ച്ചയായും ഒരു നേട്ടമാണ്'