For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

കിരീടം സമ്മാനിക്കുന്ന വേദിയില്‍ പോലും ഒരു പാക് പ്രതിനിധിയില്ല, ഐസിസി വിവാദത്തില്‍

11:42 AM Mar 10, 2025 IST | Fahad Abdul Khader
Updated At - 11:42 AM Mar 10, 2025 IST
കിരീടം സമ്മാനിക്കുന്ന വേദിയില്‍ പോലും ഒരു പാക് പ്രതിനിധിയില്ല  ഐസിസി വിവാദത്തില്‍

ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ പോരാട്ടവേദിയില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിക്കുന്ന ഒരാളെ പോലും ഉള്‍പ്പെടുത്താത്ത ഐസിസി നടപടി വിവാദമാകുന്നു. ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി വേദി നടത്തുന്നത് പാകിസ്താനായിരുന്നു. നീണ്ട 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐസിസി പോരാട്ടത്തിന് പാകിസ്താന്‍ വേദിയായത്.

എന്നാല്‍, ഇന്ത്യ പാകിസ്താനില്‍ കളിക്കാത്തതിനാലും ഇന്ത്യ ഫൈനലില്‍ എത്തിയതിനാലും മത്സരം ദുബായിലാണ് അരങ്ങേറിയത്. ഈ ഫൈനല്‍ വേദിയിലാണ് പാക് അധികൃതരുടെ അസാന്നിധ്യം ചര്‍ച്ചയായത്. ആതിഥേയര്‍ എന്ന നിലയില്‍ പിസിബിയിലെ ഔദ്യോഗിക പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇതാണ് ലംഘിക്കപ്പെട്ടത്.

Advertisement

പിസിബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുമൈര്‍ അഹമ്മദ് ഫൈനല്‍ ദിവസം ദുബായില്‍ വന്നിരുന്നുവെന്നും എന്നാല്‍ കിരീടം സമ്മാനിക്കുന്ന ചടങ്ങിലേക്ക് അദ്ദേഹത്തിന് ക്ഷണം ഉണ്ടായിരുന്നില്ല എന്നും പാക് അധികൃതരോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഐസിസി ചെയര്‍മാന്‍ ജയ് ഷാ, ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ എന്നിവരാണ് താരങ്ങള്‍ക്ക് മെഡലുകളും ജാക്കറ്റുമൊക്കെ സമ്മാനിച്ചത്.

ആശയക്കുഴപ്പമാണ് പാക് പ്രതിനിധി വേദിയിലെത്താതിരുന്നതിന് കാരണമായി അധികൃതര്‍ വിശദീകരിക്കുന്നത്. മുന്‍ പാക് പേസര്‍ ഷുഹൈബ്് അക്തര്‍ തന്നെ ഇക്കാര്യം സൂചിപ്പിച്ച് രംഗത്തെത്തികഴിഞ്ഞു.

Advertisement

ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഉയര്‍ത്തുന്നതല്ല, കിരീടം സമ്മാനിക്കുന്ന വേദിയില്‍ ആതിഥേയ രാജ്യമായ പാകിസ്താന്റെ ഒരു പ്രതിനിധിപോലും ഇല്ലാതിരുന്നതാണ് ശ്രദ്ധിച്ചതെന്നാണ് അക്തര്‍ പ്രതികരിച്ചത്. അതിന് കാരണമറിയില്ലെന്നും താരം എക്‌സില്‍ കുറിച്ചു. കിരീടം സമ്മാനിക്കുന്ന വേദി ഒരു ലോകവേദിയാണ്, അവിടെ പാക് അധികൃതര്‍ നിര്‍ബന്ധമായും വേണമായിരുന്നു. ഇല്ലാത്തതില്‍ വിഷമം തോന്നുന്നുവെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement
Advertisement