രോഹിത്തിന്റെ വിരമിക്കല്‍, അഭ്യൂഹങ്ങള്‍ കനയ്ക്കുന്നു, ഇടപെടലുമായി ഗില്‍
ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നു. ടി20 ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച രോഹിത് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റോടെ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇന്ത്യ ഫൈനലില്‍ എത്തിയ സാഹചര്യത്തില്‍ കിരീടം ചൂടി രോഹിത് വിരമിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇപ്പോള്‍ രോഹിത്തിന്റെ വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. വിരമിക്കല്‍ പദ്ധതികളെക്കുറിച്ച് രോഹിത് ഇന്ത്യന്‍ ടീമുമായി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ഗില്‍ വ്യക്തമാക്കുന്നത്. കിരീടം നേടുക മാത്രമാണ് ടീമിന്റെയും ക്യാപ്റ്റന്റെയും ശ്രദ്ധയെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ - ന്യൂസിലാന്‍ഡ് ഫൈനലിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഡ്രസ്സിംഗ് റൂമില്‍ ഇപ്പോള്‍ ആരുടെയും വിരമിക്കലിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടക്കുന്നില്ല. അദ്ദേഹം ടീമിനോടോ എന്നോടോ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. എല്ലാ താരങ്ങളെയും പോലെ ഫൈനല്‍ ജയിക്കുന്നതിലാണ് രോഹിത്തിന്റെയും ശ്രദ്ധ. ചര്‍ച്ചകളും സംസാരങ്ങളുമെല്ലാം മത്സരം വിജയിക്കുന്നതിനെക്കുറിച്ചാണ്. നാളെ മത്സരം കഴിഞ്ഞാല്‍ ഒരുപക്ഷേ അദ്ദേഹം ഒരു തീരുമാനമെടുക്കുമെന്ന് കരുതുന്നു. പക്ഷേ ടീമിലെ ആരില്‍ നിന്നും ഞാന്‍ ഇതിനെക്കുറിച്ച് കേട്ടിട്ടില്ല,' ഗില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാര്‍ച്ച് 9 ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ - ന്യൂസിലാന്‍ഡ് ഫൈനല്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ബ്ലാക്ക് ക്യാപ്‌സിനെതിരെ 44 റണ്‍സിന്റെ വിജയം ഉള്‍പ്പെടെ ടൂര്‍ണമെന്റിലെ നാല് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഉറച്ച കിരീട പ്രതീക്ഷയിലാണ് ഫൈനലിന് ഇറങ്ങുന്നത്.
രോഹിത്തിന്റെ നായകത്വത്തിലെ നാലാം ഐസിസി ഫൈനല്‍
* രോഹിത്തിന്റെ കീഴില്‍ ഇത് നാലാം ഐസിസി ടൂര്‍ണമെന്റ് ഫൈനലിലേക്കാണ് ഇന്ത്യ പ്രവേശിക്കുന്നത്. ഫൈനലിലെ ഇന്ത്യയുടെ പ്രകടനം രോഹിത് ശര്‍മ്മയുടെ ഭാവിയെ കാര്യമായി തന്നെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.* ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് തൊട്ടുപിന്നാലെ രണ്ട് വര്‍ഷത്തിനപ്പുറം നടക്കേണ്ട ഏകദിന ലോകകപ്പിനുള്ള ഒരുക്കം തുടങ്ങാനാണ് ബിസിസിഐ പദ്ധതിയിടുന്നത്.* ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ ക്യാപ്റ്റനെ രണ്ട് വര്‍ഷത്തിനുള്ളില്‍ കണ്ടെത്തേണ്ടതിനാല്‍ രോഹിത് ശര്‍മ്മയുടെ ഭാവി നിര്‍ണയിക്കുക ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ പ്രകടനമാകും.
- രോഹിത്തിന്റെ സമീപകാല പ്രകടനങ്ങള്‍:
- കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലെ കിരീടവിജയത്തോടെ ആ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച രോഹിത് ടെസ്റ്റിലും ഏകദിനത്തിലും ഇപ്പോഴും ഇന്ത്യന്‍ നായകനാണ്.
രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ്. ഈ സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ട്രോഫി വിജയിച്ച് രോഹിത് ഏകദിന ക്രിക്കറ്റില്‍ തുടരുമോ അതോ വിരമിക്കുമോ എന്ന് കാത്തിരുന്ന് കാണാം.